ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയുണ്ട്? രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്
‘ഗസ്സയിൽനിന്ന് നാടുകടത്തൽ സിൻവാറിന് സ്വീകാര്യമല്ല’
ലണ്ടൻ: ഹമാസ് നേതാവ് യഹ്‍യ സിൻവാർ എവിടെയാണെന്ന വിവരം രണ്ടോ മൂന്നോ ആളുകൾക്കല്ലാതെ മറ്റാർക്കും അറിയില്ലെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള അഷർഖ് അൽ ഔസത്ത് എന്ന പത്രമാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘രണ്ടോ മൂന്നോ പേർ അടങ്ങിയ സംഘത്തിന് മാത്രമാണ് അദ്ദേഹം എവിടെയാണെന്ന വിവരം അറിയാവുന്നത്. അവരാണ് അദ്ദേഹത്തിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നത്. കൂടാതെ ഗസ്സയിലും പുറത്തുമുള്ള നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യുന്നു’ -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
‘ഹമാസിന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിൽ ഒന്നും രണ്ടും നിലയിലെ നേതാക്കളിൽ പലരെയും കണ്ടെത്തുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടിരിക്കുന്നു. അതേസമയം ചിലരെ അവർ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലർക്കും പരിക്കേറ്റു, ചിലർ രക്ഷപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ ബോംബാക്രമണത്തിൽനിന്നാണ് പലരും രക്ഷപ്പെട്ടത്. എന്നാൽ, ഇക്കൂട്ടത്തിൽ സിൻവാറില്ല’ -ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പത്രത്തോട് പറഞ്ഞു.
അതേസമയം, സിൻവാർ തുരങ്കത്തിലാണോ മുകളിലാണോ കഴിയുന്നതെന്ന വിവരം വ്യക്തമാക്കിയട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തന്നെ നാടുകടത്താനുള്ള കരാർ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
‘സിൻവാർ രണ്ട് വഴികളാണ് ആലോചിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുക, അധിനിവേശ സേനയെ പുറത്താക്കുക, ബന്ദികൈമാറ്റ കരാറിലെത്തുക എന്നിവയാണ് ഒരു വഴി. രക്തസാക്ഷിത്വത്തിന്റെ ബഹുമതി ലഭിക്കുകയാണ് രണ്ടാമത്തെ വഴി. ഇതിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിപരമായ ചിന്തയിൽ മറ്റു വഴികളില്ല. ഗസ്സയിൽനിന്നുള്ള നാടുകടത്തൽ സിൻവാറിനെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ല. അദ്ദേഹത്തിന് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല’ -റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്സ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്‍യ സിൻവാറാണെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. ഇദ്ദേഹത്തെ നാടുകടത്താൻ ഇസ്രായേൽ ശ്രമിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
ഹമാസിന്റെ എല്ലാ നേതാക്കളെയും പിടികൂടുകയോ വധിക്കുകയോ ചെയ്യുകയെന്നത് ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളിലൊന്നാണ്. ഒക്ടോബർ 10ന് നിരവധി കുടുംബാംഗങ്ങളുമായി യഹ്‍യ സിൻവാർ നടന്നുപോകുന്നതായി അവകാശപ്പെട്ടുള്ള ചിത്രം ഫെബ്രുവരിയിൽ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു.