'ചിറക് കുടുങ്ങി വല മുറിഞ്ഞു'; മലേഷ്യന്‍ വിമാനം കാണാതായതില്‍ വെളിപ്പെടുത്തലുമായി മത്സ്യത്തൊഴിലാളി

2014 മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതാകുന്നത്

Update: 2023-12-20 12:17 GMT

വിമാനത്തിന്റെ ചിറക് കണ്ടെത്തിയ ഭാഗം കാണിച്ചുകൊടുക്കുന്ന കിറ്റ് ഓല്‍വര്‍

Advertising

ഒമ്പത് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഇത്രയേറെ പുരോഗമിച്ചിട്ടും വിമാന അവശിഷ്ടങ്ങള്‍ കാര്യമായി കണ്ടെത്താനായിട്ടില്ല. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമായി 2014 മാര്‍ച്ച് എട്ടിനാണ് വിമാനം കാണാതാകുന്നത്.

അതേസമയം, വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ കണ്ടിരുന്നതായി വെളിപ്പെടുത്തി ആസ്‌ട്രേലിയന്‍ മത്സ്യത്തൊഴിലാളി കിറ്റ് ഓല്‍വര്‍ രംഗത്ത് വന്നു. ഇക്കാര്യം അന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവര്‍ അവഗണിച്ചുവെന്നും അദ്ദേഹം സിഡ്‌നി മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിമാനം കാണാതായതിന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ മത്സ്യ ബന്ധന വലയില്‍ വിമാനത്തിന്റെ ചിറക് കുടുങ്ങുന്നതെന്ന് ഓല്‍വര്‍ പറഞ്ഞു. നല്ല ഭാരമുണ്ടായിരുന്നു അതിന്. ഒരു സ്വകാര്യ വിമാനത്തിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു ആ ചിറകിനെന്നും ഓല്‍വര്‍ പറഞ്ഞു.

ചിറക് കുടുങ്ങി വല കീറിയെന്നും ബോട്ടിലേക്ക് കയറ്റാന്‍ കഴിയാത്തത്ര ഭാരം അതിനുണ്ടായിരുന്നെന്നും അന്ന് ഓല്‍വറിന്റെ കൂടെ ബോട്ടിലുണ്ടായിരുന്ന ജോര്‍ജ് കാരി വ്യക്തമാക്കി. ചിറക് കണ്ടപ്പോള്‍ തന്നെ തനിക്ക് കാര്യം മനസ്സിലായി. ഒരു കൊമേഴ്ഷ്യ വിമാനത്തിന്റെ ചിറകായിരുന്നു അത്. വെള്ള നിറത്തിലുള്ള അത് സൈനിക വിമാനത്തിന്റെയോ ചെറു വിമാനത്തിന്റെയോ ചിറകല്ല എന്നതും ഉറപ്പാണെന്നും ജോര്‍ജ് കാരി കൂട്ടിച്ചേര്‍ത്തു.

ചിറക് വലിച്ച് കയറ്റാന്‍ സാധിക്കാത്തതിനാല്‍ 20,000 ഡോളര്‍ വില വരുന്ന തങ്ങളുടെ മത്സ്യബന്ധന വല മുറിച്ചുമാറ്റേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞു. ചിറക് കണ്ടെത്തിയ ഭാഗം ഇപ്പോഴും അധികൃതര്‍ക്ക് കാണിച്ച് കൊടുക്കാന്‍ സാധിക്കുമെന്ന് 77കാരനായ കിറ്റ് ഓല്‍വര്‍ വ്യക്തമാക്കി. താരതമ്യേന ആഴം കുറഞ്ഞ ഭാഗത്തായിരുന്നു ചിറകുണ്ടായിരുന്നത്. ദക്ഷിണ ആസ്‌ട്രേലിയന്‍ നഗരമായ റോബില്‍നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയിട്ടാണ് ഈ ഭാഗം.

2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.14നാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്-777 വിമാനം എംഎച്ച് 370 മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്നത്. ചൈനയിലെ ബീജിങ്ങായിരുന്നു ലക്ഷ്യം. യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.

ക്വലാലംപൂരില്‍നിന്ന് പറന്നുയര്‍ന്ന് 38ാം മിനിറ്റിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയം നടക്കുന്നത്. ആ സമയത്ത് ദക്ഷിണ ചൈന കടലിന്റെ ഭാഗത്തായിരുന്നു വിമാനം. മലേഷ്യയുടെ കിഴക്കന്‍ തീരത്ത് വിയറ്റ്നാം അതിര്‍ത്തിക്ക് സമീപം എത്തിയപ്പോള്‍ വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടു.

വിമാനം കാണാതായതോടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരച്ചിലിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ആസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

കോടികള്‍ മുടക്കി പല കടലുകളിലായി തെരച്ചില്‍ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. ഇതോടെ 2017 ജനുവരിയില്‍ തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചു. നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ബ്ലാക്ക്‌ബോക്‌സ് ഇന്നുവരെ കണ്ടെത്താനാകാത്തതിനാല്‍ വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമായി തുടരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News