ഭാര്യയുടെ ജന്മദിനം മറന്നു പോകല്ലേ; ഈ രാജ്യത്ത് ജയിലിൽ കിടക്കേണ്ടി വരും!
ജന്മദിനം മറന്നത് പങ്കാളി പൊറുത്തു തന്നില്ലെങ്കിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും
ഭാര്യയുടെ ജന്മദിനത്തില്‍ ഒരു സർപ്രൈസ് കൊടുത്ത് ഞെട്ടിക്കാം എന്നൊക്കെ കരുതി ഒടുവിൽ ആ ദിവസം തന്നെ മറന്നുപോകുന്ന ഭർത്താക്കന്മാർ എത്രയോ ഉണ്ട് നാട്ടിൽ. എന്നാൽ ഭാര്യയുടെ ജന്മദിനം മറക്കുന്നത് ക്രിമിനല്‍ കുറ്റമായ ഒരു നാടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ട് ഭൂമുഖത്ത്- ഓഷ്യാനിയയിലെ സമോവ. ജന്മദിനം മറന്നത് പങ്കാളി പൊറുത്തു തന്നില്ലെങ്കിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമിവിടെ.
സമോവൻ നിയമപ്രകാരം, ഭർത്താവ് ജന്മദിനം മറന്നാൽ ഭാര്യയ്ക്ക് പൊലീസ് സ്റ്റേഷനെ സമീപിക്കാനാകും. കേസെടുത്ത് പൊലീസിന് ഇയാളെ ലോക്കപ്പിലിടാം. സാധാരണഗതിയിൽ ഇത്തരത്തിൽ ഒരു മറവി സംഭവിച്ചാൽ പൊലീസ് താക്കീത് ചെയ്തു വിടുകയാണ് ചെയ്യുക. എന്നാൽ ആവർത്തിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും.
ദക്ഷിണ ശാന്ത സമുദ്രത്തിലെ പടിഞ്ഞാറു ഭാഗത്തുള്ള ദ്വീപ് രാഷ്ട്രമാണ് സമോവ. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-നാണ് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്. 1899 മുതൽ 1915 വരെ ജർമനിയുടെയും പിന്നീട് ബ്രിട്ടന്റെയും കോളനിയായിരുന്നു. 1962 ജനുവരി ഒന്നിനാണ് സ്വതന്ത്രമായത്.
സമോവയിൽ മാത്രമല്ല ഇത്തരത്തിലുള്ള വിചിത്ര നിയമങ്ങളുള്ളത്. വടക്കൻ കൊറിയയിൽ നീല ജീൻസിട്ട് വീടിനു പുറത്തുപോകുന്നത് കുറ്റകരമാണ്. ഈസ്റ്റ് ആഫ്രിക്കയിൽ ജോഗിങ് നിരോധിച്ചിട്ടുണ്ട്. ഇറ്റലിയിലെ വിഖ്യാതമായ സെന്റ് മാർക്ക് ചത്വരത്തില് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. ബുദ്ധപ്രതിമകൾക്ക് മുമ്പിൽനിന്ന് ചിത്രങ്ങളെടുക്കുന്നത് കുറ്റകരമാണ് ശ്രീലങ്കയിൽ. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ പ്രകാരം മാത്രം ച്യൂയിങ്ഗം ചവയ്ക്കാൻ അനുമതി നൽകിയ രാഷ്ട്രമാണ് സിംഗപൂർ.