ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു

ആബെയെ ആശുപത്രിയിലേക്ക് മാറ്റി.

Update: 2022-07-08 05:35 GMT
Advertising

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. നാരാ പട്ടണത്തിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. രണ്ട് തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ. ആബെയെ ആശുപത്രിയിലേക്ക് മാറ്റി. ആബെയുടെ നില അതീവ ഗുരുതരമാണ്‌.

ഷിന്‍സോ ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അബോധാവസ്ഥയിലാണ്. വെടിയുതിര്‍ത്ത ആളെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. 

പാർലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ  പ്രചാരണത്തിനെത്തിയതായിരുന്നു ആബെ. നെഞ്ചിലാണ് ആബെയ്ക്ക് വെടിയേറ്റത്. ചോരയൊലിക്കുന്ന നിലയില്‍ അദ്ദേഹം താഴെ വീഴുകയായിരുന്നു. കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

2020 ആഗസ്റ്റിലാണ് ഷിൻസോ ആബെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. 2006-07 വര്‍ഷത്തിലും 2012 മുതല്‍ 2020 വരെയും ജപ്പാന്‍റെ പ്രധാനമന്ത്രിയായിരുന്നു ആബെ. ജപ്പാന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ആബെ. പ്രതിപക്ഷ നേതാവായും ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്‌സിലേക്ക് ആദ്യമായി 1993ലാണ് ആബെ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷം കഴിഞ്ഞ് ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും എൽഡിപി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം ആവര്‍ത്തിച്ചു. 2020ല്‍ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവെയ്ക്കുകയായിരുന്നു.



Summary- Former Japanese prime minister Shinzo Abe was showing no vital signs after apparently being shot at a campaign event in the Nara region on Friday

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News