ഒരു ജിലേബി വൈറലായ കഥ; വീഡിയോ കണ്ടത് 1.5 മില്യണ്‍ പേര്‍
പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജേസണ്‍ ഡെറുലോയാണ് ജിലേബിയെ വൈറലാക്കിയത്
ഇന്ത്യന്‍ മധുരപലഹാരമായ ജിലേബി ഉണ്ടാക്കുന്നത് നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ഉണ്ടാക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും മധുരപ്രേമികളുടെ ഇഷ്ടപലഹാരമാണ് ജിലേബി. കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും ഒരു ജിലേബിയാണ്. പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജേസണ്‍ ഡെറുലോയാണ് ജിലേബിയെ വൈറലാക്കിയത്. കാരണം ഈ ജിലേബി ഉണ്ടാക്കിയത് ഡെറുലോയാണ്.
ടിക്ടോകിലൂടെയാണ് ഡെറുലോ വീഡിയോ പങ്കുവച്ചത്. ചേരുവകളെല്ലാം കൃത്യമായി ചേര്‍ത്താണ് ഡെറുലോ ജിലേബി ഉണ്ടാക്കുന്നത്. തഴക്കം ചെന്ന ഒരു പാചകക്കാരനെപ്പോലെ കൃത്യമായ ആകൃതിയില്‍ തന്നെയാണ് ജിലേബി ഉണ്ടാക്കിയെടുത്തത്. തുടര്‍ന്ന് പഞ്ചസാര ലായനിയില്‍ മുക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
ഡെറുലോയും ഇന്ത്യന്‍-കനേഡിയന്‍ പാട്ടുകാരനുമായ തെഷറിനൊപ്പം ചേര്‍ന്ന് പുറത്തിറക്കിയ ജിലേബി ബേബി എന്ന പാട്ടും വീഡിയോയുടെ അകമ്പടിയായുണ്ട്. ടിക്ടോകില്‍ കഴിഞ്ഞ വര്‍ഷം ഹിറ്റായ പഞ്ചാബി ഇംഗ്ലീഷ് പാട്ടായ ജിലേബി ബേബിയുടെ പുതിയ പതിപ്പാണ് ഇത്. എന്തായാലും ഡെറുലോയുടെ ജിലേബി ഉണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 1.5 മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.