ചൈനീസ് മുൻ പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു
1993 മുതൽ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് സെമിൻ ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
ബെയ്ജിങ്: മുൻ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു. 96 വയസായിരുന്നു. ബുധനാഴ്ച ഉച്ചക്ക് അദ്ദേഹത്തിന്റെ ജൻമനാടായ ഷാങ്ഹായിയിൽ ആയിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1993 മുതൽ 2003 വരെയുള്ള 10 കൊല്ലങ്ങളിലാണ് ജിയാങ് സെമിൻ ചൈനയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ചൈനയുടെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന നേതാവാണ് അദ്ദേഹം. ചൈന അതിവേഗം വളർച്ചയും പുരോഗതിയും കൈവരിച്ചത് ജിയാങിന്റെ ഭരണകാലത്താണ്.
1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1989 മുതൽ 2002 വരെയാണ് സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായിരുന്നത്. 1989 മുതലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മൂന്നാം തലമുറ നേതാക്കളുടെ പ്രതിനിധിയായാണ് ജിയാങിനെ കണക്കാക്കുന്നത്.