ജോ ബൈഡൻ വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചതിന് പിന്നാലെ ഇസ്രായേലിൽ പ്രതിസന്ധി

നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന് തീവ്ര വലതുപക്ഷ മന്ത്രിമാർ മുന്നറിയിപ്പ് നൽകി

Update: 2024-06-03 06:07 GMT
Advertising

​ദു​ബൈ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വെച്ച ഗസ്സ വെടി നിർത്തൽ നിർദേശം നടപ്പാക്കിയാൽ പിന്തുണ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാർ രം​ഗത്ത് വന്നു. എതിർപ്പ് മറികടന്ന്​ ഇസ്രായേൽ കരാർ നിർദേശം നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഹമാസിന്റെ തീരുമാനം അറിഞ്ഞുമാത്രം തുടർചർച്ചകളെന്ന് മധ്യസ്ഥ രാജ്യങ്ങളോട് ഇസ്രായേൽ അറിയിച്ചു.

വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്ര​തി​പ​ക്ഷ നേ​താ​വ് യാ​യ​ർ ലാ​പി​ഡി​ന്റെ പിന്തുണ നെതന്യാഹുവിനുണ്ട്​. ലാ​പി​ഡി​ന്റെ യെ​ഷ് അ​തി​ദ് ക​ക്ഷി​ക്ക് 24 സീ​റ്റു​ണ്ട്. എന്തുവില കൊടുത്തും കരാർ നിർദേശം നടപ്പാക്കും എന്നുതന്നെയാണ്​ ബൈഡൻ ഈജിപ്​തിനും ഖത്തറിനും ഉറപ്പ്​ നൽകിയിരിക്കുന്നത്​.

വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത്, യു.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​റോ​യി​ൽ സ​മ്മേ​ളി​ക്കും. നി​ർ​ദേ​ശ​ത്തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കി ഹ​മാ​സി​നെ​യും ഇ​സ്രാ​യേ​ലി​നെ​യും ഇതംഗീകരിപ്പിക്കാനാണ്​ നീക്കം. യുദ്ധാനന്തര ഗസ്സയുടെ ഭരണം സംബന്ധിച്ച്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ചർച്ചക്ക്​ തുടക്കം കുറിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവസർക്കാറിനെ ഗസ്സയിൽ പ്രതിഷ്​ഠിക്കുക എന്നതാണ്​ ഇസ്രായേൽ മുന്നിൽ കാണുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു​. ബന്ദിമോചനം തേടി ഇന്നലെയും ആയിരങ്ങൾ തെൽ അവീവിൽ പ്രതിഷേധിച്ചു

അതേ സമയം റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. പിന്നിട്ട 24 മണിക്കൂറിനിടെ 60 മ​ര​ണം കൂ​ടിയായതോടെ ഗസ്സയിലെ ആ​കെ മരണ സംഖ്യ 36,439 ആയി. ഇരുപതു നാളുകൾ നീണ്ട നരനായാട്ടിനെ തുടർന്ന്​ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ ജബാലിയയിൽ നിന്ന്​ 50 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്ന്​ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 120 കടന്നു. ആശുപത്രികളുടെ പ്രവർത്തനം നിലച്ചതും സഹായം ലഭിക്കാത്തതും കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്​. റ​ഫ അ​തി​ർ​ത്തി അ​ട​ച്ച് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ​ട്ര​ക്കു​ക​ൾ മു​ട​ങ്ങിയതോടെ പട്ടിണി വ്യാപിക്കുന്നതായി യു.എൻ ഏജൻസികൾ അറിയിച്ചു.

ഫലസ്തീനിൽ തുടരുന്ന കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് വിലക്കേർപ്പെടുത്തി. ഇതിനായി നിയമ ഭേദഗതി നടത്തും. മാലദ്വീപ്​ നടപടിയെ ഹമാസ്​ സ്വാഗതം ചെയ്​തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News