റഷ്യന്‍ ആക്രമണത്തിനിടെ കിയവിൽ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടു

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സന്ദർശനത്തിനിടെ യുക്രൈനിലെ കിയവിൽ റോക്കറ്റ് ആക്രമണം ഉണ്ടായി

Update: 2022-04-30 02:38 GMT
Advertising

കിയവ്: യുക്രൈൻ തലസ്ഥാനമായ കിയവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡൊനെറ്റ്‌സ്‌ക് മേഖലയിലും ഖാർകീവിലുമുണ്ടായ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു.

അതേസമയം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ സന്ദർശനത്തിനിടെ യുക്രൈനിലെ കിയവിൽ റോക്കറ്റ് ആക്രമണം ഉണ്ടായി. ഗുട്ടറസ് തങ്ങുന്ന ഹോട്ടലിന് സമീപം റോക്കറ്റ് പതിക്കുകയായിരുന്നു. യുക്രൈൻ പ്രസിഡന്റുമൊത്ത് മാധ്യമപ്രവർത്തകരെ കണ്ടതിനു പിന്നാലെയായിരുന്നു സംഭവം. ഗുട്ടറസും സംഘവും സുരക്ഷിതരാണെന്ന് യു എൻ പ്രതിനിധികൾ അറിയിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനും നവംബറിൽ നടക്കുന്ന ജി -20 സമ്മേളനത്തിൽ പങ്കെടുക്കാൻ സമ്മതിച്ചുവെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് അറിയിച്ചു.

കൂടാതെ യുക്രൈന് ആയുധ സഹായം നൽകുന്നതിൽ അമേരിക്കക്കും നാറ്റോയ്ക്കും റഷ്യ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ യുക്രൈന് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. 33 ബില്യൺ ഡോളർ അധിക സഹായം നൽകണമെന്ന് ബൈഡൻ യു.എസ് കോൺഗ്രസിൽ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളും സഹായം നൽകാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്കും സഹായങ്ങൾക്കും യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്‌കി നന്ദി അറിയിച്ചു. നാറ്റോ രാജ്യങ്ങളെ ഇന്ധനവിതരണം മറയാക്കി റഷ്യ ഭീഷണിപ്പെടുത്തുകയാണെന്നും സെലൻസ്‌കി തുറന്നടിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News