റഷ്യൻ സേനക്കെതിരെ ശക്തമായി തിരിച്ചടിച്ച് യുക്രൈന്‍
അതേസമയം റഷ്യ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം ശക്തമാക്കിയതായി യുക്രൈന്‍ ആരോപിച്ചു
കിയവ്: യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സേനക്കെതിരെ ശക്തമായി തിരിച്ചടിച്ച് യുക്രൈന്‍. ഖെർസൺ,ഖാർകീവ് മേഖലകളിൽ റഷ്യൻ സൈന്യം കനത്ത തിരിച്ചടി നേരിട്ടുവെന്നാണ് വിവരം. അതേസമയം റഷ്യ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം ശക്തമാക്കിയതായി യുക്രൈന്‍ ആരോപിച്ചു.
യുക്രൈനിലെ നിർണായക മേഖലകളിൽ എല്ലാം റഷ്യൻ സൈന്യം കനത്ത തിരിച്ചടി നേരിട്ടുവെന്നാണ് വിവരം. വമ്പൻ ആയുധശേഖരവുമായി റഷ്യൻ സേനയ്ക്കു മേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് യുക്രൈന്‍. യുദ്ധം ആരംഭിച്ചത് മുതൽ റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുക്രൈന്‍ പ്രത്യാക്രമണത്തിൽ റഷ്യക്ക് കനത്ത ആൾനാശം സംഭവിച്ചിട്ടുണ്ട് എന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ യുക്രൈന്‍ സൈന്യം നടത്തിയ നീക്കങ്ങളിലൂടെ ഖെർസൺ,ഖാർകീവ് മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചു.
വടക്കുകിഴക്കൻ പ്രദേശത്തെ തന്ത്രപ്രധാന മേഖലകളായ ഇസിയവും ബാലക്ലിയയും അടക്കമുള്ള പ്രദേശങ്ങൾ നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അതേസമയം കിയവിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് റഷ്യ ഷെല്ലാക്രമണം ശക്തമാക്കി.