കാബൂളിന് ശ്വാസംമുട്ടുന്നു; വായുമലിനീകരണം മൂന്നിരട്ടിയായി
വായുമലിനീകരണം കുട്ടികളിലടക്കം രോഗങ്ങൾ വർധിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു
കാബൂൾ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാബൂളിലെ വായു മലിനീകരണ തോത് മൂന്നിരട്ടിയായതായി അഫ്ഗാനിസ്ഥാന്റെ ദേശീയ പരിസ്ഥിതി സംരക്ഷണ ഏജൻസി (NEPA) അറിയിച്ചു. വായുവിലൂടെയുള്ള കണങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് കാബൂളിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെന്ന് ഏജൻസി വ്യക്തമാക്കുന്നു.
കാബൂളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് കുറയ്ക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും എന്നാൽ മതിയായ ഉപകരണങ്ങളുടെ അഭാവം മൂലം അതിന് കഴിയുന്നില്ലെന്നും ഏജൻസി NEPA-യുടെ ഇൻസ്പെക്ഷൻ കൺട്രോൾ ഓഫീസർ ബാസിർ അമിൻ പറഞ്ഞു.
വായുമലിനീകരണം കുട്ടികളിലടക്കം രോഗങ്ങൾ വർധിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. 'വായു ശരിക്കും മലിനമാണ്. കാബൂൾ നിവാസികൾക്ക് ശ്വസന പ്രശ്‌നങ്ങളുൾപ്പെടെ നിരവധി പ്രതിസന്ധികളാണ് ഇതുമൂലം ഉണ്ടാകുന്നത്. മാത്രമല്ല ഇത് മറ്റ് രോഗങ്ങൾക്കും കാരണമായിട്ടുണ്ട്'; കാബൂളിലെ താമസക്കാരനായ താരിഖ് ഹബീബ്‌സായി മാധ്യമങ്ങളോട് പറഞ്ഞു. മോശം സാമഗ്രികൾ ഉപയോഗിക്കുന്ന ബിസിനസുകാരെയും നിക്ഷേപകരെയും തടയാൻ ഇസ്ലാമിക് എമിറേറ്റിനോട് ആവശ്യപ്പെടുകയാണെന്നും നിവാസികൾ പ്രതികരിച്ചു.
നഗരങ്ങളിൽ ഹരിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നത് പ്രധാനമാണ്. മരങ്ങളും ചെടികളും ധാരാളമുള്ള നഗരങ്ങൾക്ക് ചുറ്റും ഗ്രീൻ ബെൽറ്റുകൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പാരിസ്ഥിതിക വിഷയങ്ങളിൽ വിദഗ്ധനായ സയ്യിദ് ഖയൂം ഹാഷിമി പറഞ്ഞു.