‘ഗസ്സ യുദ്ധം അവസാനിപ്പിക്കും’; തെരഞ്ഞെടുപ്പിന്റെ തലേന്ന് അറബ് വംശജരോട് കമലാ ഹാരിസ്

‘ഗസ്സയിലെ മരണത്തിന്റെയും നാശനഷ്ടത്തിന്റെയും കണക്കെടുക്കുമ്പോൾ ഈ വർഷം വളരെ ബുദ്ധിമുട്ടേറിയതാണ്’

Update: 2024-11-04 16:08 GMT
Advertising

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഗസ്സ യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. ചാഞ്ചാടുന്ന സംസ്ഥാനമായ മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിലായിരുന്നു കമലയുടെ പ്രഖ്യാപനം.

രണ്ട് ലക്ഷത്തോളം അറബ് വംശജരുള്ള പ്രദേശമാണ് മിഷിഗൺ. ഗസ്സയിൽ അരങ്ങേറുന്ന വംശഹത്യക്കെതിരെ അമേരിക്കയിൽ അറബ്, ഏഷ്യൻ വംശജർ അങ്ങേയറ്റം പ്രതിഷേധത്തിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനും കമലാ ഹാരിസിനും വോട്ട് ചെയ്യാതെ മൂന്നാമതൊരു കക്ഷിക്ക് വോട്ട് ചെയ്യാൻ പലരും പരസ്യമായി തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമലയുടെ പ്രസ്താവന വരുന്നത്.

‘ഗസ്സയിലെ മരണത്തിന്റെയും നാശനഷ്ടത്തിന്റെയും കണക്കെടുക്കുമ്പോൾ ഈ വർഷം വളരെ ബുദ്ധിമുട്ടേറിയതാണ്. ലെബനാനിലെ സാധാരണക്കാരുടെ മരണങ്ങളും പലായനവും കണക്കിലെടുക്കുമ്പോൾ ഇത് വിനാശകരമാണ്. ​

പ്രസിഡന്റായാൽ എന്റെ ശക്തി ഉപയോഗിച്ച് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യും. ബന്ദികളെ മടക്കിക്കൊണ്ടുവരാനും ഗസ്സയിലെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനും ഇസ്രായേലിനെ സുരക്ഷിതമാക്കാനും ഫലസ്തീൻ ജനതക്ക് അവരുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സുരക്ഷിതത്വത്തിനും സ്വയം നിർണയാവകാശത്തിനുമുള്ള അവകാശം സാക്ഷാത്കരിക്കാനും വേണ്ടി പ്രവർത്തിക്കും’ -കമലാ ഹരിസ് പറഞ്ഞു. അതേസമയം, അമേരിക്കൻ പിന്തുണയോടെ നടക്കുന്ന ആക്രമണത്തെ എങ്ങനെ അവസാനിപ്പിക്കുമെന്ന് അവർ പ്രസംഗത്തിൽ വിശദീകരിച്ചില്ല.

അറബ് വംശജരുടെ വോട്ട് നിർണായകമായ സംസ്ഥാനമാണ് മിഷിഗൺ. 'അറബ് അമേരിക്ക' എന്നാണ് മിഷിഗൺ അറിയപ്പെടുന്നത്. ഗസ്സയിലെ വംശഹത്യക്ക് പിന്തുണ കൊടുക്കുന്നതിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും കമലാ ഹാരിസിനെയും പിന്തിരിപ്പിക്കാൻ 'അൺകമ്മിറ്റഡ്' എന്ന പേരിൽ കാമ്പയിൻ മിഷിഗണിൽ തുടങ്ങിയിരുന്നു.

വംശഹത്യ അവസാനിപ്പിക്കാൻ ഇരു സ്ഥാനാർഥികളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഫലസ്തീൻ കുടിയേറ്റക്കാരായ പലരുടെയും അഭിപ്രായം. കമലയും ട്രംപുമല്ലാത്ത മൂന്നാമത്തെ ഓപ്ഷൻ തെരഞ്ഞെടുക്കണമെന്നാണ് ചിലരുടെ അഭിപ്രായം. ഗ്രീൻ പാർട്ടി സ്ഥാനാർ ജിൽ സ്റ്റെയ്‌നിനെയാണ് ഇവർ പിന്തുണയ്ക്കുന്നത്. ആക്ടിവിസ്റ്റും ഡോക്ടറുമായ സ്റ്റെയ്ൻ 2012ലും 2016ലും ഗ്രീൻ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അതേസമയം, 2016ൽ ട്രംപിന്റെ വിജയത്തിന് സഹായിച്ചത് സ്റ്റെയ്‌നിന്റെ സ്ഥാനാർഥിത്വമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുകയുണ്ടായി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News