'യേശുവിനെ കാണാൻ' കാട്ടിൽപോയി പട്ടിണി കിടക്കൽ: മരണം 100 കവിഞ്ഞു; ഭൂരിഭാഗം പേരെയും കണ്ടെടുത്തത് കൂട്ടക്കുഴിമാടങ്ങളിൽ നിന്ന്
പരിശോധന തുടരാൻ തീരുമാനിച്ചതിനാൽ വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നെയ്റോബി: 'യേശുവിനെ കാണാൻ' വനത്തിൽ പോയി പട്ടിണി കിടന്നതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കർ വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാസ്റ്ററുടെ വാക്ക് വിശ്വസിച്ച് കാട്ടിൽപോയി പട്ടിണി കിടന്ന സംഘത്തിലെ 103 പേരാണ് ഇതിനോടകം മരിച്ചതെന്ന് കെനിയൻ ആഭ്യന്തര മന്ത്രി കിത്തുരെ കിണ്ടികി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചകളിലായി ഈ പ്രദേശത്തു നിന്നും 47 മൃതദേഹങ്ങൾ കണ്ടെടുക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വനത്തിൽ പോയി ഉപവസിച്ചാൽ യേശുവിനെ കാണാനും സ്വർഗത്തിൽ പോവാനും സാധിക്കുമെന്ന ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് പാസ്റ്ററായ പോൾ മകെൻസി ന്തേംഗേയുടെ വാക്ക് വിശ്വസിച്ച് പോയ ആളുകളാണ് അനാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങുന്നത്.
ഷാക്കഹോല വനംപ്രദേശത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ പരിശോധിച്ചതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. പരിശോധന തുടരാൻ തീരുമാനിച്ചതിനാൽ വരും ദിവസങ്ങളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, കുഴിമാടങ്ങളിൽ നിന്ന് ചിലരെ മെലിഞ്ഞൊട്ടി എല്ലുംതോലുമായ നിലയിൽ ജീവനോടെയാണ് പുറത്തെടുത്തത്. എന്നാൽ ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അനുയായികളുടെ മരണത്തിനു പിന്നാലെ മകെൻസി ന്തേഗേയെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇയാൾ കസ്റ്റഡിയിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിസമ്മതിക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു. നിരാഹാര സമരമാണെന്നായിരുന്നു ഇയാളുടെ വാദം.
കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
വനത്തിനുള്ളിൽ വിചിത്ര പ്രാർഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രിൽ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയതും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതും.