'യേശുവിനെ കാണാൻ' കാട്ടിൽപോയി പട്ടിണി കിടക്കൽ: മരണം 200 കവിഞ്ഞു; ഒരാൾ കൂടി അറസ്റ്റിൽ
ആഴ്ചകളായി അധികാരികൾ വനത്തിലുടനീളമുള്ള കൂട്ടിക്കുഴിമാടങ്ങളിൽ അവശിഷ്ടങ്ങൾക്കായി പരിശോധന നടത്തിവരികയാണ്.
മൊംബാസ: യേശുവിനെ കാണാൻ കാട്ടിൽപോയി പട്ടിണി കിടന്ന സംഭവത്തിൽ മരണം 200 കവിഞ്ഞു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള ഷക്കഹോല വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച നടത്തിയ തെരച്ചിലിൽ 22 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ സംഭവത്തിലെ മരണസംഖ്യ 201 ആയി ഉയർന്നു. സംഭവത്തിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതോടെ പിടിയിലായവരുടെ എണ്ണം 26 ആയതായും പൊലീസ് അറിയിച്ചു.
ആഴ്ചകളായി അധികാരികൾ വനത്തിലുടനീളമുള്ള കൂട്ടിക്കുഴിമാടങ്ങളിൽ അവശിഷ്ടങ്ങൾക്കായി പരിശോധന നടത്തിവരികയാണ്. വെള്ളിയാഴ്ച, ഒരു കുഴിമാടത്തിൽ നിന്ന് 12 കുട്ടികളുടേത് ഉൾപ്പെടെ 29 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനിടെ, കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾ പുറത്തുവന്നിരുന്നു.
മരിച്ചവരിൽ കുട്ടികളടക്കമുള്ള പലരെയും കഴുത്ത് ഞെരിച്ചോ തല്ലിയോ ശ്വാസം മുട്ടിച്ചോ കൊന്നതാണെന്നാണ് കണ്ടെത്തലെന്ന് അധികൃതർ അറിയിച്ചിരുന്നു. മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം. സംഭവവുമായി ബന്ധപ്പെട്ട് 600ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് കെനിയൻ റെഡ്‌ക്രോസിന്റെ റിപ്പോർട്ട്.
അതേസമയം, മുഖ്യപ്രതിയായ ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് മേധാവിയും പാസ്റ്ററുമായ പോൾ മക്കെൻസിക്ക് ബുധനാഴ്ച കെനിയൻ കോടതി ജാമ്യം നിഷേധിച്ചിരുന്നു. വനത്തിൽ പോയി ഉപവസിച്ചാൽ ലോകാവസാനത്തിന് മുമ്പ് യേശുവിനെ കാണാനും സ്വർഗത്തിൽ പോവാനും സാധിക്കുമെന്ന പോൾ മക്കെൻസിയുടെ വാക്ക് വിശ്വസിച്ച് പോയ ആളുകളാണ് അനാചാരത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങിയത്.
ഷാക്കഹോല വനംപ്രദേശത്ത് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾ പരിശോധിച്ചതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി ഉയർന്നതെന്ന് അധികൃതർ അറിയിച്ചു. കുഴിമാടങ്ങളിൽ നിന്ന് ചിലരെ മെലിഞ്ഞൊട്ടി എല്ലുംതോലുമായ നിലയിൽ ജീവനോടെയാണ് പുറത്തെടുത്തത്. എന്നാൽ ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അനുയായികളുടെ മരണത്തിനു പിന്നാലെ മക്കെൻസിയെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കുട്ടികളോടുള്ള ക്രൂരത, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കൊപ്പം മക്കെൻസി തീവ്രവാദക്കുറ്റവും നേരിടേണ്ടിവരും.
കൂടുതൽ വേഗത്തിൽ സ്വർഗത്തിൽ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ ആഹ്വാനം. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം ഇവിടുത്തെ വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ത്യജിച്ച് താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്പതികളുടെ രണ്ട് കുട്ടികളുടെ മരണത്തിൽ കുറ്റാരോപിതനായ പാസ്റ്റർ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
വനത്തിനുള്ളിൽ വിചിത്ര പ്രാർഥനയും ആചാരവും നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് അറിയാനായത്. ഏപ്രിൽ മധ്യത്തിലായിരുന്നു ഇത്. വ്രതാനുഷ്ഠാനത്തിൽ പങ്കെടുത്ത 15 പേരെ അന്ന് കണ്ടെത്തിയെങ്കിലും 11 പേർക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയതും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ തുടങ്ങിയതും.