'ഖാൻ യൂനിസ് തീവ്രയുദ്ധ മേഖല'; ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,900 ആയി
കൊല്ലപ്പെട്ടവരിൽ ഏഴായിരത്തോളം പേർ കുട്ടികളും 250 പേർ ആരോഗ്യപ്രവർത്തകരുമാണ്
Update: 2023-12-05 15:49 GMT
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,900 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ ഏഴായിരത്തോളം പേർ കുട്ടികളും 250 പേർ ആരോഗ്യപ്രവർത്തകരുമാണ്.
ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് ഇസ്രായേലി സൈനികർകൂടി കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴ് മുതൽ ഇതു വരെ 406 സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇന്ന് മാത്രം അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്നും ഇസ്രായേൽ സർക്കാർ സ്ഥിരീകരിച്ചു.
അതിനിടെ ഫലസ്തീനികളോട് ഖാൻ യൂനിസ് വിടാൻ ഇസ്രായേൽ സേന ആവശ്യപ്പെട്ടു. തീവ്രയുദ്ധ മേഖലയെന്നാണ് ഇസ്രായേൽ സേന ഖാൻ യൂനിസിനെ വിശേഷിപ്പിച്ചത്. പലായനം ചെയ്തെത്തിയവരടക്കം ലക്ഷക്കണക്കിന് ജനങ്ങളാണ് നഗരത്തിലുള്ളത്. ഇവിടേക്ക് ആവശ്യമായ സഹായം നൽകാനാകുന്നില്ലെന്ന് യു.എൻ ഏജൻസിയും അറിയിച്ചു.