25 നഴ്സറി കുട്ടികള്‍ക്ക് വിഷം കൊടുത്ത ചൈനീസ് അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി
വാങ് യൂന്‍(40) എന്ന സ്ത്രീയുടെ വധശിക്ഷയാണ് വ്യാഴാഴ്ച ഹെനാൻ പ്രവിശ്യയിലെ ജിയോസുവോ നഗരത്തില്‍ വച്ച് നടപ്പിലാക്കിയത്
ബെയ്ജിംഗ്: ചൈനയില്‍ 25 നഴ്സറി കുട്ടികള്‍ക്ക് വിഷം കൊടുത്ത കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപികയുടെ വധശിക്ഷ നടപ്പാക്കി. വാങ് യൂന്‍(40) എന്ന സ്ത്രീയുടെ വധശിക്ഷയാണ് വ്യാഴാഴ്ച ഹെനാൻ പ്രവിശ്യയിലെ ജിയോസുവോ നഗരത്തില്‍ വച്ച് നടപ്പിലാക്കിയത്.
2019 മാര്‍ച്ചില്‍ ജിയോസുവോയിലെ മെങ് മെങ് കിന്‍റര്‍ഗാര്‍ട്ടനിലാണ് സംഭവം. സഹപ്രവര്‍ത്തകനോടുള്ള ദേഷ്യത്തിനാണ് വാങ് ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ മാരകമായ സോഡിയം നൈട്രേറ്റ് കലര്‍ത്തി നല്‍കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം വിദ്യാർഥികളും സുഖം പ്രാപിച്ചപ്പോൾ, 10 മാസത്തെ ചികിത്സയ്ക്കിടെ ഒന്നിലധികം അവയവങ്ങളുടെ പരാജയത്തെ തുടർന്ന് ഒരു കുട്ടി മരണത്തിന് കീഴടങ്ങി.ഈ സംഭവത്തിനു മുന്‍പ് വാങ് വിഷം നല്‍കി ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ബോധപൂര്‍വം ഉപദ്രവിച്ചതിന് വാങ്ങിനെ ആദ്യം ഒമ്പത് മാസത്തെ തടവിനാണ് ശിക്ഷിച്ചത്. പിന്നീട് 2020 സെപ്തംബറില്‍ വധശിക്ഷയാക്കി മാറ്റുകയായിരുന്നു. വാങ്ങിന്റെ അപ്പീല്‍ കോടതി തള്ളിയിരുന്നു.
ഹെനാന്‍ പ്രവിശ്യയിലെ ജിയോസുവോയിലെ ഒന്നാം നമ്പര്‍ ഇന്‍റര്‍മീഡിയറ്റ് കോടതിക്ക് പുറത്ത് പതിച്ച നോട്ടീസില്‍ വാങ് യുനിന്റെ ശിക്ഷ നടപ്പാക്കിയതായി പറയുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് വാങിനെ ഒരു വധശിക്ഷാ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുണ്ടെങ്കിലും എങ്ങനെയാണ് വധിച്ചതെന്ന് വ്യക്തമല്ല. മാരകമായ കുത്തിവെപ്പിലൂടെയോ വെടിവച്ചോ ആണ് ചൈനയില്‍ വധശിക്ഷ നടപ്പാക്കാറുള്ളത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനയില്‍ സ്കൂളുകളിലെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച്ച ചൈനയിലെ ഒരു കിന്‍റര്‍ഗാര്‍ട്ടനിലുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 25 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ തോക്കുകളുടെ ഉടമസ്ഥാവകാശം ചൈനയില്‍ നിയമവിരുദ്ധമാണ്, അതിനാല്‍ ആക്രമണങ്ങള്‍ നടത്താന്‍ കത്തികളും ഭവനങ്ങളില്‍ നിര്‍മ്മിച്ച സ്ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്.