രാജാവാകാൻ യോഗ്യനോ ചാൾസ്? വിവാദങ്ങളുടെ അകമ്പടിയോടെ സിംഹാസനത്തിലേക്ക്
1997ല്‍ ഡയാന രാജകുമാരി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബക്കിങ്ങാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താന്‍ വിസമ്മതിച്ചതും മരണത്തിൽ രാജകുടുംബം മൗനം പാലിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടന്റെ രാജപദവി അലങ്കരിക്കാൻ ഒരുങ്ങുകയാണ് മൂത്ത മകനായ ചാൾസ്. 73 വയസുള്ള ചാൾസ് 'കിങ് ചാള്‍സ് III' എന്നാണ് ഇനി അറിയപ്പെടുക. എന്നാൽ, ബ്രിട്ടന്റെ പുതിയ രാജാവിന്റെ വരവിനെതിരെ ചില അപസ്വരങ്ങൾ ഉയർന്നുകേൾക്കുന്നുണ്ട്, ഒപ്പം ഡയാന രാജകുമാരിയുടെ പേരും.
മാതാവിന്റേത് പോലെ തന്നെ പൊതുജനങ്ങൾക്കിടയിൽ പ്രീതി നേടിയ വ്യക്തിത്വം ആയിരുന്നില്ല ചാൾസ്. ഡയാന രാജകുമാരിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത് കാരണം രൂക്ഷ വിമർശനങ്ങളാണ് ചാൾസിന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ വന്ന ബ്ലാക് സ്‌പൈഡര്‍ സീരീസ് വിവാദവും രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടല്‍ നടത്തിയതുമൊക്കെ ചാൾസിനെ വിവാദങ്ങളുടെ ഉറ്റ ചങ്ങാതിയായി മാറ്റി.
സിംഹാസത്തിലിരിക്കുമ്പോൾ ചാൾസിന് നേരിടേണ്ടി വരുന്നതും തന്റെ ഭൂതകാലം ഉയർത്തിയ വെല്ലുവിളികളായിരിക്കും.
തന്റെ വിവാഹജീവിതം സംബന്ധിച്ച ഡയാനയുടെ വെളിപ്പെടുത്തലുകൾ ബ്രിട്ടന്റെ രാജസിംഹാസനത്തിലിരിക്കാനുള്ള ചാള്‍സിന്റെ യോഗ്യതയെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ചാൾസുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്ന കാമിലയെ ഉദ്ദേശിച്ച് കൊണ്ട് ഡയാന നടത്തിയ വെളിപ്പെടുത്തലുകൾ ചാൾസിന്റെ മാത്രമല്ല രാജകുടുംബത്തിന്റെ തന്നെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുന്നതായിരുന്നു. 1992ലാണ് ചാള്‍സ് രാജകുമാരനും ഡയാനയും വേർപിരിഞ്ഞത്.
തന്റെ വിവാഹജീവിതത്തിൽ മൂന്ന് പേരുണ്ടായിരുന്നു എന്നാണ് ഡയാന ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തൽ. 2005ലാണ് തന്നെക്കാള്‍ രണ്ട് വയസ് മുതിര്‍ന്ന കാമിലയെ ചാള്‍സ് ജീവിതപങ്കാളിയാക്കിയത്. ഡയാനയുമായുള്ള വിവാഹജീവിതം അവസാനിപ്പിക്കാനുള്ള കാരണം പോലും കാമിലയുമായുള്ള ബന്ധമാണെന്ന ആരോപണം ശക്തമായിരുന്നു.
1997ല്‍ ഡയാന രാജകുമാരി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബക്കിങ്ങാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താന്‍ വിസമ്മതിച്ചതും മരണത്തിൽ രാജകുടുംബം മൗനം പാലിച്ചതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
സർക്കാർ തലത്തിൽ മന്ത്രിമാരുമായി ചാള്‍സ് നടത്തിയ സംഭാഷണങ്ങളും എഴുത്തുകളുമാണ് ബ്ലാക്ക് സ്‌പൈഡര്‍ എന്ന പേരില്‍ പിന്നീട് വിവാദമായത്. ആരോഗ്യ മേഖലയില്‍ മുതല്‍ പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ അനാവശ്യ രാഷ്ട്രീയ സമ്മര്‍ദം ചെലുത്തിയ ചാൾസ് രൂക്ഷ വിമർശനങ്ങൾ ഏറ്റുവാങ്ങി. ആദരവുകളും പുരസ്‌കാരങ്ങളും സമ്മാനിക്കുന്നതിന് പ്രത്യുപകാരമായി പണം വാങ്ങിയെന്നും ചാൾസിനെതിരെ ആരോപണം നിലവിലുണ്ട്. ആരോപണങ്ങൾ ശക്തമാകുമ്പോഴും രാജ്ഞിയുടെ തണലിൽ അവയൊക്കെ തള്ളിക്കളയുകയായിരുന്നു ചാൾസ്.
അതേസമയം, ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജ്ഞിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്‌നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് നേരത്തെ എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു.