പണത്തിനു വേണ്ടി ക്യാന്‍സര്‍ ബാധിതനെന്ന് പ്രചരിപ്പിച്ച കൊറിയന്‍ ഗായകന്‍ ജീവനൊടുക്കി
2011-ൽ കൊറിയയുടെ ഗോട്ട് ടാലന്‍റില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു ചോയ് സുങ്
സിയോള്‍: കൊറിയൻ ഗായകൻ ചോയ് സുങ്-ബോംഗ് ജീവനൊടുക്കി. 33കാരനായ ചോയിയെ തെക്കൻ സിയോളിലെ യോക്സാം-ഡോംഗ് ജില്ലയിലെ വീട്ടിൽ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണത്തിനു വേണ്ടി തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന് പ്രചരിപ്പിച്ചത് ചെറുപ്പത്തില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ ഗായകന്‍റെ ജനപ്രീതിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.
2011-ൽ കൊറിയയുടെ ഗോട്ട് ടാലന്‍റില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു ചോയ് സുങ്.താൻ ഒന്നിലധികം തരത്തിലുള്ള ക്യാൻസറിനെതിരെ പോരാടുകയാണെന്ന് പറഞ്ഞ് ഗായകന്‍ ധനസമാഹരണം നടത്തിയത് വിവാദത്തിലായിരുന്നു. പിന്നീട് തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരാമർശിച്ച അദ്ദേഹം തന്‍റെ ഏറ്റവും പുതിയ ആൽബത്തിന് പണം ആവശ്യമാണെന്നും പറഞ്ഞിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. തനിക്ക് രോഗമില്ലെന്ന് ചോയ് സമ്മതിക്കുകയും ഫണ്ട് പിരിവിലൂടെ തനിക്ക് ലഭിച്ച തുക തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഒരു കുറിപ്പ് ചോയ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്‍റെ വിഡ്ഢിത്തം സഹിച്ച എല്ലാവരോടും ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു' എന്നായിരുന്നു കുറിപ്പ്.കൊറിയൻ ലേബൽ ബോങ് ബോങ് കമ്പനിയുമായും ചോയി സുങ്-ബോംഗ് റെക്കോർഡ് കരാറിൽ ഒപ്പുവെച്ചിരുന്നു.