വടക്കൻ ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും വധിച്ച് ഇസ്രായേൽ

കമാൽ അദ്‌വാൻ ആശുപത്രിയിൽനിന്ന് വടക്കൻ ഗസ്സയിലെ അൽ-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. സഈദ് ജോദയെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചത്.

Update: 2024-12-13 10:04 GMT
Advertising

ഗസ്സ: ഗസ്സയിലെ ആശുപത്രികളും ആതുരസേവന സംവിധാനങ്ങളും തുടർച്ചയായ ആക്രമണത്തിലൂടെ തകർത്ത ഇസ്രായേൽ വടക്കൻ ഗസ്സയിലെ അസ്ഥിരോഗ വിദഗ്ധനായ അവസാന ഡോക്ടറെയും വധിച്ചു. പ്രായത്തിന്റെ അവശതകളെയും ഇസ്രായേലിന്റെ വെടിയുണ്ടകളെയും അവഗണിച്ച് ഗസ്സയിലെ മനുഷ്യരെ ചികിത്സിക്കുന്ന ഡോ. സഈദ് ജോദയെ ആണ് ഇസ്രായേൽ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. രോഗികളെ ചികിത്സിക്കുന്നതിനായി കമാൽ അദ്‌വാൻ ആശുപത്രിയിൽനിന്ന് വടക്കൻ ഗസ്സയിലെ അൽ-അവ്ദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഡോ. ജോദ കൊല്ലപ്പെട്ടത്.

രണ്ട് മാസത്തിലേറെയായി ഇസ്രായേൽ ഉപരോധം തുടരുന്ന ഗസ്സയിലെ അവസാന ഓർത്തോപീഡിക് സർജനാണ് സഈദ് ജോദ. വടക്കൻ ഗസ്സയിലേക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിക്കാനോ അവിടെയുള്ളവരെ പുറത്തുകടക്കാനോ ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല. ദിവസവും നിരവധിയാളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്. മേഖലയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൂട്ടത്തോടെ കൊന്നൊടുക്കാനാണ് ഇസ്രായേൽ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇവിടേക്ക് അടിയന്തര സഹായമെത്തിക്കുന്നതും ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്. നിലവിൽ പ്രവർത്തനക്ഷമമായ ആംബുലൻസുകളൊന്നും ഇവിടെ അവശേഷിക്കുന്നില്ല.

2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ആക്രമണം ആരംഭിച്ചത് മുതൽ സഈദ് ജോദ അടക്കം 1057 ആരോഗ്യപ്രവർത്തകരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും സംരക്ഷിക്കാൻ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തിറങ്ങണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഏതാനും ദിവസം മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ ഡോ. സഈദിന്റെ കൈക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മകനെ കഴിഞ്ഞ ദിവസം വീട് ആക്രമിച്ച് ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഗസ്സയിൽ ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 44,835 പേരാണ് കൊല്ലപ്പെട്ടത്. 106,356 പേർക്ക് പരിക്കേറ്റു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News