ആയിരങ്ങൾ പലായനത്തിൽ; ഗസ്സയുടെ വഴിയേ ലബനാനും

ലബനാനിൽനിന്ന് വരുന്നവർക്ക് ആരോഗ്യ സംവിധാനങ്ങൾ ഉൾപ്പെടെ സൗകര്യങ്ങളൊരുക്കി സിറിയ

Update: 2024-09-25 03:58 GMT
Advertising

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിന് സമീപമുള്ള സൗഫാർ എന്ന ഗ്രാമത്തിലെ വീട്ടിലേക്ക് വരികയായിരുന്നു ഡയാന യൂനുസും ഭർത്താവും. സമയം രാത്രി 11 ആയിട്ടുണ്ടാകും. ഈ സമയത്താണ് റോഡരികിൽ ഒരു സ്ത്രീയെയും മകളെയും കാണുന്നത്. ഉടനടി വണ്ടി നിർത്തി അവരെ സഹായിക്കാൻ ഡയാന യൂനുസ് ഭർത്താവിനോട് ആവശ്യപ്പെട്ടു.

എ​ങ്ങോട്ടാണ് പോകുന്നതെന്ന് അവരോട് ചോദിച്ചു. അതിന് അവർക്ക് ഉത്തരമുണ്ടായിരുന്നില്ല. അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയ നിരവധി പേർ യൂനുസിന്റെ വീട്ടിൽ ഇപ്പോൾ തന്നെയുണ്ട്. അതിനാൽ തന്നെ വീടിന്റെ ബാൽക്കണിയിലാണ് ആ സ്ത്രീയും കുട്ടിയും അന്ന് കിടന്നുറങ്ങിയത്.

ലബനാനിൽ ഏതാനും ദിവസങ്ങളായി കാണുന്ന കാഴ്ചയാണിത്. ഗസ്സയുടെ അതേ വഴിയിലാണ് ഇപ്പോൾ ലബനാനും. എങ്ങും ബോംബാക്രമണങ്ങളും മരണങ്ങളും. അതിനിടയിൽ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്നവർ. ഉറ്റവരോടൊപ്പം പലായനം ചെയ്യുന്ന കുടുംബങ്ങൾ. പലരും സ്കൂളുകളിലെ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയിരിക്കുന്നു.

ബോർജ് ഖലൗയിയെ സ്വദേശിയായ 12 വയസ്സുകാരി സഹ്റ തിങ്കളാഴ്ച ഭയത്തോടെയാണ് എണീറ്റത്. ബോംബുകൾ കാരണം താൻ ഏറെ ഭയപ്പാടിലായിരുന്നുവെന്ന് സഹ്റ പറയുന്നു. തെക്കൻ ലബനാനിലെ നബാത്തിഹിനും ബിന്റ് ജ്ബെയിലിനും ഇടയിലാണ് സഹ്റയുടെ ഗ്രാമം. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ ആക്രമണം ആരംഭിച്ചതോടെ സഹ്റയുടെ കുടുംബവും ബെയ്റൂത്തിന്റെ പ്രാന്തപ്രദേശമായ ലൈലാകിയിലേക്ക് കുടിയേറി. ബെയ്റൂത്തിലും ആക്രമണം തുടങ്ങിയതോടെ സഹ്റയും മാതാപിതാക്കളും ബാബ്ദ ജില്ലയിലെ ബന്ധുവീട്ടിലാണ് ഇപ്പോൾ താമസം. സഹ്റയുടെ അതേ അവസ്ഥയിലാണ് ലബനാനിലെ മറ്റു പല കുടുംബങ്ങളും.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 600ഓളം പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1990ൽ ആഭ്യന്തര യുദ്ധം അവസാനിച്ചശേഷം 34 വർഷത്തിനിടെ ഏറ്റവുമധികം പേർ കൊല്ലപ്പെടുന്ന ദിവസമായിരുന്നു തിങ്കളാഴ്ച.

കഴിഞ്ഞദിവസം ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ മേഖലകളിലും ബേക്കാ താഴ്വരിയിലും ഉടനടി വീടു വിട്ടുപോകാൻ അറിയിപ്പ് നൽകുകയുണ്ടായി. അജ്ഞാത നമ്പറുകളിൽനിന്നാണ് സന്ദേശം വന്നത്. ഇത്തരത്തിൽ 80,000 സന്ദേശങ്ങളാണ് ലഭിച്ചത്. ഇതിന് പിന്നാലെ കൂട്ട പലായനത്തിനാണ് ലബനാൻ സാക്ഷ്യം വഹിച്ചത്.

തെക്കൻ ലബനാനിലെ റോഡുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറഞ്ഞതിന്റെ വിഡിയോകൾ പ്രചരിച്ചു. ബോംബാക്രമണത്തെ തുടർന്ന് പരിസരങ്ങളിലാകെ പുക ഉയരുന്നത് വിഡിയോയിൽ കാണാമായിരുന്നു. ലക്ഷ്യസ്ഥാനത്തെത്താൻ രണ്ട് മണിക്കൂർ വേണ്ടിയിരുന്ന യാത്ര 14 മണിക്കൂർ വരെ നീണ്ടു. പലർക്കും എവിടേക്കാണ് പോകേണ്ടതെന്ന് പോലും അറിയില്ലായിരുന്നു.

സ്കൂളുകളും നഴ്സറികളുമെല്ലാം ദിവസങ്ങളായി അടിച്ചിട്ടിരിക്കുകയാണ്. പല സ്കൂളുകളും ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായി മാറി. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം ഒരു ലക്ഷത്തോളം പേർ ഇത്തരത്തിൽ കുടിയിറക്കപ്പെട്ടു കഴിഞ്ഞു. വടക്കൻ ലബനാനാണ് ഇവരുടെ ലക്ഷ്യം. തെക്കൻ ലെബനാനിൽനിന്ന് പലായനം ചെയ്തവരെക്കൊണ്ട് ബെയ്റൂത്തിലെ ഹോട്ടലുകൾ നിറഞ്ഞിട്ടുണ്ട്. 252 സ്കൂളുകളാണ് ഇതുവരെ അഭയകേന്ദ്രങ്ങളാക്കി മാറ്റിയത്. 27,000​ പേർ ഇതിൽ കഴിയുന്നുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച ​ബെയ്റൂത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായതോടെ ഇവിടെനിന്നും പലരും പലയാനം ചെയ്യാൻ ഒരുങ്ങുകയാണ്.

പലരും അതിർത്തി കടന്ന സിറിയയിലേക്കും പോകുന്നുണ്ട്. ലബനാനിൽനിന്ന് വരുന്നവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുമെന്ന് സിറിയ അറിയിച്ചു. 40,000 പേർക്ക് തങ്ങാൻ കഴിയുന്ന അഞ്ച് അഭയ കേന്ദ്രങ്ങളും 25,000 പേർക്ക് താമസിക്കാൻ സാധിക്കുന്ന ഒമ്പത് കേന്ദ്രങ്ങളും രാജ്യത്ത് ഒരുങ്ങിക്കഴിഞ്ഞു.

തിങ്കളാഴ്ച മാത്രം ലബനാനിൽ 37 നഗരങ്ങളും ഗ്രാമങ്ങളുമാണ് ഇസ്രായേൽ ആക്രമിച്ചത്. 1600 കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ആക്രമണത്തിൽ നിരവധി സാധാരണക്കാർ വീടുകളിൽ കൊല്ലപ്പെട്ടതിന്റെ വിഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇസ്രായേലിന്റെ ആക്രമണങ്ങൾക്കെതിരെ ശബ്ദിക്കാത്ത അന്താരാഷ്ട്ര സമൂഹത്തിനെതിരെയും വലിയ വിമർശനമാണ് ലബനാനുകാർ ഉയർത്തുന്നത്. ആയുധങ്ങളടക്കം നൽകി ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കക്കെതിരെയും കനത്ത പ്രതിഷേധമാണുള്ളത്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News