യഹ്‌യാ സിൻവാർ: അഭയാർഥി ക്യാമ്പിൽനിന്ന് വിമോചന പോരാട്ടത്തിന്റെ മുഖമായി മാറിയ പോരാളി

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ ഉറക്കം കളഞ്ഞ പേരാണ് യഹ്‌യാ സിൻവാർ

Update: 2024-10-17 15:45 GMT
Advertising

ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 75 മൈൽ അകലെയുള്ള ടെൽ അവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരിൽ ഒരു പോസ്റ്റർ പതിച്ചിട്ടുണ്ട്. വിവിധ ഹമാസ് കമാൻഡർമാരുടെ മുഖങ്ങൾ ഈ പോസ്റ്ററിൽ കാണാം. ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ ചുവന്ന മഷികൊണ്ട് രണ്ടുവരയും വരച്ചിട്ടുണ്ട്. തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡർമാരുടെയും നേതാക്കളുടെയും മുഖങ്ങളാണ് ഇസ്രായേൽ പോസ്റ്റാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മുകളിലായി ഒരു ഫോട്ടോ പതിച്ചിട്ടുണ്ട്... താഴെ അയാളുടെ പേരും.. യഹ്‌യാ സിൻവാർ

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ ഉറക്കം കളഞ്ഞ പേരാണിത്. മൊസാദിന്റെ കണ്ണുവെട്ടിച്ച് അയൺ ടോമുകളാൽ ഡോമുകളാൽ ചുറ്റപ്പെട്ട ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് യഹ്‌യാ സിൻവാറിനെ വിശേഷിപ്പിക്കുന്നത്. 'ഒരു ചെറിയ ഹിറ്റ്ലറെ പോലെ തന്റെ ബങ്കറിനുള്ളിൽ ഒളിച്ചിരിക്കുകയാണ് അയാൾ' എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരിഹസിച്ചിരുന്നു. സ്വന്തം രാജ്യം ദുരിതം അനുഭവിക്കുമ്പോൾ ഏതോ രാജ്യത്ത് സുഖജീവിതം നയിക്കുകയാണെന്നടക്കം ആരോപണങ്ങൾ ഉന്നയിച്ച് യഹ്‌യാ സിൻവാറിനെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താനടക്കം ഇസ്രയേലിന്റെ പരിശ്രമങ്ങൾ ചെറുതല്ല.

യഹ്‌യാ സിൻവാർ

1962-ൽ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാൻ യൂനിസിലെ ഒരു അഭയാർഥി ക്യാമ്പിലായിരുന്നു യഹ്‌യാ സിൻവാറിന്റെ ജനനം. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ-മജ്ദൽ അസ്ഖലാനിൽ (അഷ്‌കെലോൺ) നിന്ന് പലായനം ചെയ്ത് ഗസ്സയിൽ അഭയം തേടിയതായിരുന്നു സിൻവാറിന്റെ കുടുംബം. അഭയാർഥി ക്യാമ്പിൽ തികച്ചും ദുരിതപൂർണമായ ജീവിതം. ക്യാമ്പുകളിൽ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചുമായിരുന്നു യഹ്‌യാ സിൻവാറിന്റെ ബാല്യം. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്സിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിൻവാർ ഗസയിലെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി.

പഠനസമയത്ത് തന്നെ ഫലസ്തീനിലെ മുസ്‌ലിം ബ്രദർഹുഡിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന 'ഇസ്‌ലാമിസ്റ്റ് ബ്ലോക്കിന്റെ' തലപ്പത്തെത്തി. സിൻവാറിന്റെ ഫലസ്തീൻ വിമോചന പ്രവർത്തനങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നീട് തേടിയെത്തിയ, ഉന്നത പദവികളെല്ലാം യഥോചിതം കൈകാര്യം ചെയ്യാൻ വിദ്യാർഥി കാലത്തെ ഈ പ്രവർത്തന പരിചയം അദ്ദേഹത്തിന് ധാരാളമായിരുന്നു.

1980-കളുടെ അവസാനത്തിൽ നടന്ന ആദ്യത്തെ ഫലസ്തീൻ കലാപത്തിൽ ഹമാസിന്റെ സൈനിക വിഭാഗം രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ചു. അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982-ലാണ് സിൻവാർ ആദ്യമായി അറസ്റ്റിലാകുന്നത്. മാസങ്ങളോളം ഫറാ ജയിലിൽ കഴിയുകയും അവിടെ സലാഹ് ഷെഹാദേ ഉൾപ്പടെയുള്ള ഫലസ്തീനിയൻ പ്രവർത്തകരെ കണ്ടുമുട്ടുകയും വിമോചന പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു. 1985-ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായ ശേഷം, റാവ്ഹി മുഷ്താഹയുമായി ചേർന്ന് അദ്ദേഹം മുനസ്സമത്ത് അൽ ജിഹാദ് വൽ-ദവ (മജ്ദ്) എന്ന സംഘടന സ്ഥാപിച്ചു.1987-ൽ ഹമാസ് രൂപീകരിച്ചപ്പോൾ സിൻവാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി. ഇസ്രയേലുമായി സഹകരിച്ചു പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവരെ കൊന്നത് അദ്ദേഹത്തിന് 'ഖാൻ യൂനിസിന്റെ കശാപ്പുകാരൻ' എന്ന വിളിപ്പേര് നേടിക്കൊടുത്തു.

1988- ൽ വീണ്ടും സിൻവാർ അറസ്റ്റിൽ. രണ്ട് ഇസ്രയേൽ സൈനികരുടേയും നാല് ഫലസ്തീൻ പൗരന്മാരുടേയും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ സിൻവാർ ഈ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തിൽ നാല് ജീവപര്യന്തം തടവിനാണ് സിൻവാറിനെ ശിക്ഷിച്ചത്. പലതവണ ജയിലിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 2008-ൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തലോച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായി ഒരു ശസ്ത്രക്രിയയ്ക്കും സിൻവാർ വിധേയനായി.

ഹമാസിലേക്ക്..

2006-ൽ ഹമാസിന്റെ ഇസ്സത് ദീൻ അൽ ഖസം ബ്രിഗേഡ്സ് ഇസ്രായേലിൽ ഒരു ആക്രമണം നടത്തി. ചരിത്രത്തിൽ ഇസ്രായേലിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. തുരങ്കം നിർമിച്ച് ഇസ്രായേൽ ഭൂപ്രദേശത്തുകയറി സൈനിക പോസ്റ്റ് ആക്രമിക്കുകയായിരുന്നു. രണ്ടു സൈനികരെ ഇസ്രായേലിന് നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന ഇസ്രായേൽ സൈനികനെ ഹമാസ് ബന്ദിയാക്കി. ഇയാളെ അഞ്ചു വർഷം തടവിൽവെച്ചു. 2011- വരെ 22 വർഷമാണ് സിൻവാറിന് അന്ന് തുടർച്ചയായി ജയിലിൽ കഴിയേണ്ടിവന്നത്.

2011 ഒക്ടോബർ 18 ചൊവ്വാഴ്ച ഹമാസും ഫലസ്തീനികളും ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിവസമാണ്. ബന്ദിയാക്കിയ ഇസ്രായേൽ കമാൻഡർ ഗിലാദ് ഷാലിതിന് പകരം ഹമാസ് ആവശ്യപ്പെട്ടത് യഹ്‌യാ സിൻവാറിന്റെ മോചനമായിരുന്നു. അദ്ദേഹത്തിനൊപ്പം തടവിലാക്കിയ 1027 ഫലസ്തീനികളെ കൂടി ഇസ്രായേലിന് വിട്ടുകൊടുക്കേണ്ടി വന്നു. ഫലസ്തീനികളെ വിട്ടയച്ചതിനേക്കാൾ യഹ്‌യാ ഹസൻ സിൻവാർ എന്ന പോരാളിയെ വിട്ടയച്ചതിന്റെ പേരിൽ ഇസ്രായേൽ എന്നും ഖേദിക്കും എന്ന കാര്യം തീർച്ചയാണ്.

ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു യഹ്‌യാ സിൻവാറിന്റെ പ്രവർത്തനം. 2015-ൽ അമേരിക്ക അന്തർദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയിൽ യഹ്‌യയെ ഉൾപ്പെടുത്തി. ഗസ്സയിൽ ഹമാസിന്റെ തലവനായി പ്രവർത്തിച്ചിരുന്ന സിൻവാർ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളും യഹ്‌യാ സിൻവാറിന്റെ മേൽനോട്ടത്തിൽ തന്നെയാണ്. ഇസ്രായേലുമായി സായുധ പോരാട്ടമല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന വാദത്തിൽ സിൻവാർ ഉറച്ചുനിന്നിരുന്നു. ഹമാസിന്റെ തുരങ്കപാതയുടെ സൂത്രധാരനും യഹ്‌യാ സിൻവാർ തന്നെയാണെന്നാണ് പറയപ്പെടുന്നത്. 2021 മെയ് 15ന് യഹ്‌യാ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് യഹ്‌യാ സിൻവാർ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. 2021 മെയ് 27 ന് നടന്ന ഒരു പത്രസമ്മേളനത്തിൽ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ട് കാൽനടയായി വീട്ടിലേക്ക് പോയിരുന്ന സിൻവാർ ഇസ്രായേലിന്റെ കണ്ണിലെ കരടായി മാറിയതിൽ അതിശയിക്കാനൊന്നുമില്ല. 'ഞാൻ നടന്നാണ് പോകുന്നത്, കൊല്ലണമെങ്കിൽ കൊല്ലാം' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പോയ യഹ്‌യാ സിൻവാർ എന്ന ഹമാസ് പോരാളി ഫലസ്തീനികൾക്ക് സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് പകർന്നുനൽകിയത്. അന്ന് ഗസ്സ തെരുവുകളിൽ പൊതുജനങ്ങൾക്കൊപ്പം സെൽഫി എടുത്ത ശേഷമാണ് അദ്ദേഹം പിരിഞ്ഞത്.

സിൻവാറിനെ കൊലപ്പെടുത്തിയെന്നാണ് ഇപ്പോൾ ഇസ്രായേൽ അവകാശപ്പെടുന്നത്. മൂന്ന് ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതിൽ ഒരാൾ സിൻവാർ ആണെന്നും ഡിഎൻഎ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നു. ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സിൻവാർ ഒരിക്കൽ പറഞ്ഞു...''ഇമാം അലി പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്... ഒരു വ്യക്തിയുടെ ജീവിതത്തിൽ രണ്ട് ദിവസങ്ങളുണ്ട്. ഒന്ന് അയാൾക്ക് മരണം വിധിച്ചിട്ടില്ലാത്ത ദിനമാണ്. മറ്റൊന്ന് അയാൾക്ക് മരണം വിധിച്ചിട്ടുള്ള ദിനമാണ്. ഒന്നാമത്തെ ദിവസത്തെ ഞാൻ ഭയപ്പെടുന്നില്ല, കാരണം അന്ന് എനിക്ക് മരണം വിധിച്ചിട്ടില്ല. അതുകൊണ്ട് ആർക്കും എന്നെ ഒന്നും ചെയ്യാനാവില്ല. രണ്ടാമത്തെ ദിനത്തെയും ഞാൻ ഭയപ്പെടുന്നില്ല...കാരണം മരണം എനിക്ക് വിധിക്കപ്പെട്ടതാണ് ഒരിക്കലും അതിനെ തടയാനാവില്ല''

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News