'ഹാപ്പി റമദാൻ'; പുണ്യമാസ ആശംസയുമായി ലണ്ടനിൽ മനോഹര ലൈറ്റ് ഡിസ്പ്ലേ

ഇതാദ്യമായാണ് ഇവിടെ റമദാനിൽ ലൈറ്റ് ഡിസ്പ്ലേ സ്ഥാപിക്കുന്നത്. ചന്ദ്രക്കലകളുടേയും നക്ഷത്രങ്ങളുടേയും വിളക്കുകളുടേയും രൂപത്തിലാണ് ലൈറ്റ് ഇൻസ്റ്റലേഷൻ.

Update: 2023-03-23 14:53 GMT
Advertising

ലണ്ടൻ: ലണ്ടൻ ന​ഗരത്തിലെ പിക്കാഡിലി സർക്കസിനേയും ലെസ്റ്റർ സ്ക്വയറിനേയും ബന്ധിപ്പിക്കുന്ന കവൻട്രി സ്ട്രീറ്റിൽ റമദാൻ ആശംസകൾ നേർന്ന് ലൈറ്റുകൾ സ്ഥാപിച്ച് അധികൃതർ. മാർച്ച് 21ന് ചൊവ്വ രാത്രിയാണ് നഗരത്തിലെ തിയേറ്റർ ജില്ലയുടെ ഹൃദയമായ പിക്കാഡിലി സർക്കസിനു (സർക്കിൾ) മുകളിൽ ലൈറ്റ് ഡിസ്പ്ലേ സ്ഥാപിച്ചത്.

ഹാപ്പി റമദാൻ എന്നെഴുതിയും ചന്ദ്രക്കലകളുടേയും നക്ഷത്രങ്ങളുടേയും വിളക്കുകളുടേയും രൂപത്തിലാണ് ലൈറ്റ് ഇൻസ്റ്റലേഷൻ. ഏറെക്കാലമായി ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഇവിടുത്തെ ലൈറ്റ് ഡിസ്പ്ലേ. എന്നാൽ ആദ്യമായി ഈ വർഷം റമദാനിലും ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.


ലൈറ്റ് ഇൻസ്റ്റലേഷന് താഴെ നിന്നുള്ള ചിത്രം ട്വീറ്റ് ചെയ്ത ലണ്ടൻ മേയർ സാദിഖ് ഖാൻ, വിശ്വാസികൾക്ക് റമദാൻ ആശംസ നേരുകയും ചെയ്തു. "ലണ്ടൻ ഇപ്പോൾ റമദാൻ പ്രമാണിച്ച് മനോഹരമായ ലൈറ്റ് ഡിസ്പ്ലേ നടത്തുന്ന യൂറോപ്പിലെ ആദ്യത്തെ പ്രധാന നഗരമാണ്. രാജ്യ തലസ്ഥാനം നമ്മുടെ വൈവിധ്യത്തെ എങ്ങനെ ആഘോഷിക്കുന്നു എന്നതിന്റെ യഥാർഥ പ്രതീകമാണിത്"- അദ്ദേഹം ട്വീറ്റ് ചെയ്തു.


കവൻട്രി സ്ട്രീറ്റിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന 30,000 ലൈറ്റുകൾ ഉൾപ്പെടുന്ന മനോഹരമായ ഡിസ്പ്ലേ, റമദാൻ ലൈറ്റ്സ് യുകെയുടെ സ്ഥാപക ഐഷ ദേശായിയുടെ ആശയമാണ്. ചാരിറ്റി സംഘടനയായ അസീസ് ഫൗണ്ടേഷനാണ് ലൈറ്റ് ഡിസ്പ്ലേ സ്പോൺസർ ചെയ്തിരിക്കുന്നത്.


'ഹാപ്പി റമദാൻ' എന്നെഴുതി കാൽനടയാത്രക്കാരെ തെരുവിലേക്ക് സ്വാഗതം ചെയ്യുന്ന ഇൻസ്റ്റലേഷനിൽ ചന്ദ്രന്റെ വിവിധ ഘട്ടങ്ങളും നക്ഷത്രങ്ങളും വിളക്കുകളും കാണാം. റമദാൻ മാസം മുഴുവൻ ഇത് പ്രദർശിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.


സ്ട്രീറ്റിലെ ഈ ലൈറ്റ് ഷോ കാണാൻ ചൊവ്വാഴ്ച രാത്രി മുതൽ ആളുകളുടെ ഒഴുക്കാണ്. ലൈറ്റുകൾക്ക് താഴെ നിന്ന് ചിത്രമെടുത്തും അവ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തും നിരവധി പേരാണ് ഇത് ആഘോഷമാക്കുന്നത്.



 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News