പാർലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
പാരിസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. ആ വഴിക്കാണ് കാര്യങ്ങള്‍ പോകുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 ശതമാനം വോട്ട് തീവ്രവലതുപക്ഷ പാര്‍ട്ടി നേടി എന്നാണ്.
അതേസമയം പാരിസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാന്‍സില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂണ്‍30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാര്‍മെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോണ്‍ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോൺ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
നേരത്തെ നാഷണല്‍ റാലിയുടെ 28 കാരനായ നേതാവ് ജോർദാൻ ബാർഡെല്ല, പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡൻ്റായി രണ്ടാം ടേമില്‍, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവില്‍ ഫ്രഞ്ച് പാർലമെൻ്റിൽ ഭൂരിപക്ഷമില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.
അതേസമയം യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോൾ ഫലങ്ങളെ തീവ്രവലതുപക്ഷ പാർട്ടി ഉപയോഗിച്ച് രംഗത്ത് എത്തി. ഞങ്ങൾ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈൻ ലെ പെന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മാക്രോണിനോട് രണ്ടുതവണ പരാജയപ്പെട്ട നേതാവാണ് പെൻ.
പൊടുന്നനെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമാണെങ്കിലും പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തത്.