ഈ ഒറാങ് ഉട്ടാന്‍ മരത്തിലേക്ക് കയറുകയാണോ, അതോ ഇറങ്ങുകയാണോ? കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ച് ഒരു ഫോട്ടോ
ഒറ്റ നോട്ടത്തില്‍ ഒറാങ് ഉട്ടാന്‍ മരത്തില്‍ നിന്നും തല കീഴായി താഴേക്ക് ഇറങ്ങുന്നതായാണ് ആദ്യം തോന്നുക
ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ചിത്രം. ചിത്രമൊന്നാണെങ്കിലും അതിനെ പലരും സമീപിക്കുന്നതും പല രീതിയിലായിരിക്കും. ചില ഫോട്ടോകള്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഒറാങ് ഉട്ടാന്‍ മരത്തിലിരിക്കുന്ന ഫോട്ടോയാണ് സംശയം നിറയ്ക്കുന്നത്.
ഒറ്റ നോട്ടത്തില്‍ ഒറാങ് ഉട്ടാന്‍ മരത്തില്‍ നിന്നും തല കീഴായി താഴേക്ക് ഇറങ്ങുന്നതായാണ് ആദ്യം തോന്നുക. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മരത്തിലേക്ക് കയറുന്നതായും തോന്നും. സത്യത്തില്‍ ഒറാങ് ഉട്ടാന്‍ മരത്തിലേക്ക് കയറുകയാണ്. വെള്ളത്തിന് നടവിലുള്ള മരമായതിനാല്‍ വെള്ളത്തില്‍ മരങ്ങളുടെ പ്രതിഫലനമുണ്ട്. അതുകൊണ്ടാണ് മരത്തില്‍ നിന്നും ഒറാങ് ഉട്ടാന്‍ താഴേക്ക് ഇറങ്ങിവരുന്നതായി തോന്നുന്നത്.
മലയാളിയായ തോമസ് വിജയനാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്. തോമസിന് ഈ വര്‍ഷത്തെ നേച്ചര്‍ ടി.ടി.എല്‍ ഫോട്ടോഗ്രഫി പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ഒന്നര ലക്ഷം രൂപയാണ് പുരസ്കാരത്തുക. 8000ത്തിലധികം എന്‍ട്രികളില്‍ നിന്നാണ് തോമസ് വിജയന്‍ ഈ അഭിമാനാര്‍ഹമായ നേട്ടം കരസ്ഥമാക്കിയത്.
ബോര്‍ണിയോ വനത്തില്‍ വെള്ളത്തിനു നടുവില്‍ നില്‍ക്കുന്ന മരത്തില്‍ നിന്നുമാണ് ഒറാങ് ഉട്ടാന്‍റെ ചിത്രം ക്യാമറയില്‍ പതിഞ്ഞത്. ദിവസങ്ങളുടെ കാത്തിരിപ്പിനും കഠിനപരിശ്രമത്തിനും ശേഷമാണ് ചിത്രം ലഭിക്കുന്നത്. ഇതിനായി മരത്തിന് മുകളില്‍ മണിക്കൂറുകളോളം തോമസ് വിജയന്‍ കാത്തിരുന്നു. അങ്ങനെയാണ് മരത്തിലേക്ക് കയറിവരുന്ന ഒറാങ് ഉട്ടാന്‍ അദ്ദേഹത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞത്. ലോകം തലകീഴായി മറിയുകയാണ് എന്നാണ് ഈ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
കോട്ടയം സ്വദേശിയായ തോമസ് കാനഡയില്‍ സ്ഥിര താമസക്കാരനാണ്. മികച്ച ഫോട്ടോകള്‍ക്കായി ലോകമെമ്പാടും സഞ്ചരിക്കാറുള്ള ഫോട്ടോഗ്രാഫറാണ് തോമസ് വിജയന്‍. വേള്‍ഡ് നേച്ച്വര്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2020, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ 2017 തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ തോമസിനെ തേടിയെത്തിയിട്ടുണ്ട്.