നഗ്നനായി റോഡിലൂടെ നടന്നു; പിടിയിലായപ്പോൾ അന്യഗ്രഹത്തിൽ നിന്ന് വന്നതെന്ന് 44കാരൻ
പിടികൂടിയപ്പോൾ പേരും മറ്റു വിവരങ്ങളും പൊലീസിനോട് വ്യക്തമാക്കാനും ഇയാൾ തയാറായില്ല.
ഫ്ലോറിഡ: റോഡിലൂടെ രാത്രി നഗ്നനായി നടന്നതിന് പൊലീസ് പിടികൂടിയപ്പോൾ വിചിത്രവാദവുമായി 44കാരൻ. താൻ അന്യഗ്രഹത്തിൽ നിന്ന് വന്നയാളാണ് എന്നായിരുന്നു ഇയാളുടെ മറുപടി. അമേരിക്കയിലെ ഫ്ലോറിഡയിൽ മാർച്ച് എട്ട് രാത്രിയായിരുന്നു സംഭവം.
ഒരാൾ വർത്ത് അവന്യൂവിലെ ബ്ലോക്ക്-200ലൂടെ പൂർണ നഗ്നനായി നടന്നുപോകുന്നതായി പൊലീസിന് ഫോൺ കോൾ ലഭിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വ്യക്തി വസ്ത്രമില്ലാതെ നടക്കുകയും ജനനേന്ദ്രിയം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതുമാണ് കണ്ടത്.
എവിടെ വച്ചാണ് വസ്ത്രം നഷ്ടമായതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ ഇയാൾ, പേരും മറ്റു വിവരങ്ങളും പൊലീസിനോട് വ്യക്തമാക്കാൻ തയാറായില്ല. ഇതോടെ പൊലീസുകാർ, ഇയാളെ പാംബീച്ച് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. അവിടെയെത്തിയിട്ടും ഇയാൾ പേരുവിവരങ്ങൾ പറഞ്ഞില്ല.
തനിക്കൊരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐഡി കാർഡോ ഇല്ലെന്നും താൻ അന്യഗ്രഹത്തിൽ നിന്നും വന്നയാളാണെന്നും ഇയാൾ അവകാശപ്പെട്ടു. മുമ്പ് വെസ്റ്റ് പാം ബീച്ചിലാണ് താൻ താമസിച്ചിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജേസൺ സ്മിത്ത് എന്നാണ് ഇയാളുടെ പേരെന്ന് വ്യക്തമായി. പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസ് രേഖകൾ പ്രകാരം, സ്മിത്തിനെതിരെ നഗ്നതാ പ്രദർശനം, അപമര്യാദയോടെ പെരുമാറുക, അറസ്റ്റ് തടയൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ ഒരു രാത്രി പാർട്ടിക്ക് ശേഷം മറ്റൊരു വീട്ടിൽ കയറി നഗ്നനായി കുളിക്കുന്നതിനിടെ ഒരാളെ പിടികൂടിയിരുന്നു. ക്രിസ്മസ് ദിനത്തിൽ മറ്റൊരു വീടിന്റെ ബാത്ത് ടബ്ബിലാണ് ഇയാളെ നഗ്നനായി കണ്ടെത്തിയത്. അറസ്റ്റിലായതോടെ, താൻ താമസിക്കുന്ന എയർബിഎൻബിയാണെന്ന് കരുതിയാണ് അവിടെ കയറിയതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.