ലണ്ടൻ- മുംബൈ വിമാനത്തിൽ പുകവലിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ; ചോദ്യം ചെയ്ത ക്രൂ അംഗങ്ങളോട് തട്ടിക്കയറി
വിമാനം ലാൻഡ് ചെയ്ത ശേഷം രമാകാന്തിനെ സഹർ പൊലീസിന് കൈമാറുകയായിരുന്നു
മുംബൈ: ലണ്ടൻ- മുംബൈ വിമാനത്തിൽ പുക വലിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 37കാരനായ രമാകാന്ത് എന്ന യാത്രക്കാരനാണ് പിടിയിലായത്. അമേരിക്കൻ പൗരത്വമുള്ള ഇയാൾ യാത്രാമധ്യേ വിമാനത്തിന്റെ ബാത്ത്റൂമിലിരുന്ന് പുക വലിക്കുകയും ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദ്യം ചെയ്ത ക്രൂ അംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു.
മാർച്ച് 11ന് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം മുംബൈയിലെത്തിയപ്പോൾ ജീവനക്കാർ അറിയിച്ചതനുസരിച്ച് സഹർ പൊലീസ് ഇയാളെ പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ ഐപിസി 336, എയർക്രാഫ്റ്റ് ആക്ട്-1937ലെ 22, 23, 25 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
"വിമാനത്തിൽ പുകവലി അനുവദനീയമല്ല. പക്ഷേ അയാൾ ബാത്ത്റൂമിലേക്ക് പോയ ശേഷം അലാറം അടിക്കാൻ തുടങ്ങി. ഇതോടെ ഞങ്ങൾ അവിടേക്ക് ഓടിച്ചെന്നപ്പോൾ അയാളുടെ കൈയിൽ ഒരു സിഗരറ്റ് കണ്ടു. ഞങ്ങൾ ഉടൻ തന്നെ അയാളുടെ കൈയിൽ നിന്ന് സിഗരറ്റ് വാങ്ങി വലിച്ചെറിഞ്ഞു. ഇതോടെ രമാകാന്ത് ഞങ്ങൾ ക്രൂ മെമ്പർമാരോട് ആക്രോശിച്ചു".
"ഒരു വിധത്തിൽ ഞങ്ങൾ അയാളെ സീറ്റിലേക്ക് കൊണ്ടുപോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം അയാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. അയാളുടെ പെരുമാറ്റം കണ്ട് യാത്രക്കാരെല്ലാം ഭയപ്പെട്ടു. ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ അയാൾ തയാറായിരുന്നില്ല. ആക്രോശം തുടർന്നതോടെ ഞങ്ങൾ അയാളുടെ കൈകളും കാലുകളും കെട്ടി സീറ്റിൽ പിടിച്ചിരുത്തി"- ഒരു എയർ ഇന്ത്യ ക്രൂ അംഗം സഹർ പൊലീസിനോട് പറഞ്ഞു.
"സീറ്റിലിരുത്തിയതോടെ അയാൾ നിർത്താതെ തലയിൽ ഇടിക്കാൻ തുടങ്ങി. ഇതോടെ യാത്രക്കാരിൽ ഒരാളായ ഒരു ഡോക്ടറെത്തി പരിശോധിച്ചു. ബാഗിൽ മരുന്ന് ഉണ്ടെന്ന് രമാകാന്ത് പറഞ്ഞു, പക്ഷേ ബാഗ് പരിശോധിച്ചപ്പോൾ ഒരു സിഗരറ്റ് കണ്ടെടുത്തു"- പൊലീസ് പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ശേഷം രമാകാന്തിനെ സഹർ പൊലീസിന് കൈമാറുകയായിരുന്നു എന്ന് ജീവനക്കാർ വ്യക്തമാക്കി.
പ്രതി ഇന്ത്യൻ വംശജനാണെന്നും എന്നാൽ യു.എസ് പൗരനാണെന്നും അമേരിക്കൻ പാസ്‌പോർട്ട് കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി മദ്യപിച്ച നിലയിലാണോ മാനസിക വിഭ്രാന്തിയിലാണോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.