പിഎച്ച്ഡി പഠനം തുടങ്ങിയത് 1970 ൽ; പൂർത്തിയാക്കിയത് 52 വർഷത്തിന് ശേഷം
76 ാം വയസിൽ ഭാര്യയെയും ചെറുമകളെയും സാക്ഷിയാക്കിയായിരുന്നു ഡോക്ടറേറ്റ് സ്വീകരിച്ചത്
വാഷിങ്ടണ്‍: പഠനം എന്നത് ഒരാളുടെ ജീവിതത്തിലുടനീളം തുടരുന്ന ഒരു പ്രക്രിയയാണ്. എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കും വരെ പോരാടണം എന്നാണ് പൊതുവെ പറയാറ്. പഠിക്കാനും അതുപോലെ തന്നെ...അതിന് പ്രായമോ കാലമോ തടസമേയല്ല.അതുപോലെ ഒരാൾ തന്റെ പി.എച്ച്.ഡി പഠനം 76 ാം വയസിൽ പൂർത്തിയാക്കി... ഇതിലെന്താണിപ്പോൾ ഇത്ര വിശേഷം എന്ന് ചിന്തിക്കാൻ വരട്ടെ... അദ്ദേഹം പി.എച്ച്.ഡി പഠനം പൂർത്തിയാക്കിയത് 52 വർഷം കൊണ്ടായിരുന്നു എന്നുമാത്രം..
ബിബിസി റിപ്പോർട്ട് അനുസരിച്ച് 1970-ലാണ് ഡോ. നിക്ക് ആക്സ്റ്റൻ എന്നയാൾ പി.എച്ച്.ഡി പഠനം തുടങ്ങുന്നത്. പിറ്റ്‌സ്ബർഗ് സർവകലാശാലയിൽ മാത്തമാറ്റിക്കൽ സോഷ്യോളജിയിൽ ഗവേഷണം ആരംഭിച്ചത്. എന്നാൽ അഞ്ചുവർഷത്തിന് ശേഷം ഗവേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് യു.കെയിലേക്ക് പോകേണ്ടിവന്നു. അതിനിടയിൽ നിക്ക് ആക്സ്റ്റന് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പും ലഭിച്ചു.
2016 ൽ 69-ാം വയസ്സിൽ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ എംഎ ഇൻ ഫിലോസഫി പ്രോഗ്രാമിൽ ചേർന്ന് വീണ്ടും പഠിക്കാൻ തുടങ്ങി. 2023 ഫെബ്രുവരി 14-ന്, ബ്രിസ്റ്റോൾ സർവകലാശാല അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി. ഭാര്യ ക്ലെയർ ആക്സ്റ്റെനും 11 വയസ്സുള്ള ചെറുമകൾ ഫ്രേയയുടെയും സാക്ഷിയാക്കിയായിരുന്നു ഡോക്ടറേറ്റ് സ്വീകരിച്ചത്.
ഓരോ വ്യക്തിയും പുലർത്തുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കി മനുഷ്യന്റെ പെരുമാറ്റം മനസ്സിലാക്കുന്നതിനുള്ള സിദ്ധാന്തം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചായിരുന്നു ഡോ ആക്സ്റ്റന്റെ ഗവേഷണം. തന്റെ ഗവേഷണം 'അസാധാരണമായി ബുദ്ധിമുട്ടായിരുന്നു' എന്ന് ആക്സ്റ്റൻ പറഞ്ഞു. അതുകൊണ്ട് തന്നെ അത് പൂർത്തിയാക്കാന് 50 വർഷമെടുത്തെന്നും ആക്സ്റ്റൻ പറയുന്നു. രണ്ടുകുട്ടികളുടെ അച്ഛനും നാലു കുട്ടികളുടെ മുത്തശ്ശനും കൂടിയാണ് ഡോ.നിക്ക് ആക്‌സ്റ്റൻ.