കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടതിന് ജീവനക്കാരെ ഓഫീസിൽ പൂട്ടിയിട്ട് 55കാരൻ; 2 ലക്ഷം പിഴ
സിംഗപ്പൂർ സ്വദേശിയായ വിക് ലിം സിയോങ് ഹോക്ക് ആണ് മുൻ സഹപ്രവർത്തകരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്
സിംഗപ്പൂർ സിറ്റി: കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടതിന് 9 ജീവനക്കാരെ ഓഫീസിൽ പൂട്ടിയിട്ട് 55കാരൻ. സിംഗപ്പൂർ സ്വദേശിയായ വിക് ലിം സിയോങ് ഹോക്ക് ആണ് മുൻ സഹപ്രവർത്തകരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്.
2022 ആഗസ്റ്റ് 30നാണ് സംഭവം. പാൻടെക്ക് ബിസിനസ് ഹബ് എന്ന ഇലക്ട്രോണിക്‌സ് കമ്പനിയിൽ അതേ വർഷം മേയിലാണ് ഡ്രൈവറായി വിക്ട് ജോയിൻ ചെയ്യുന്നത്. ജൂലൈ 1 മുതൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാൽ പ്രൊബേഷൻ പീരിയഡ് കഴിയുന്നതിന് മുമ്പു തന്നെ ആഗസ്റ്റ് 30ന് വിക്ടിന് അകാരണമായി പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചു.
തുടർന്ന് കമ്പനിയോട് പകരം വീട്ടണമെന്ന വാശിയിൽ ഇയാൾ ഓഫീസിന്റെ മുൻ വാതിൽ വലിയ പൂട്ടുപയോഗിച്ച് അടച്ചു. ഓഫീസിലെ ജീവനക്കാരെല്ലാം ഉച്ചഭക്ഷണത്തിനായ് പുറത്താണെന്ന വിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ കമ്പനിക്കുള്ളിൽ 9 ജീവനക്കാരോളമുണ്ടായിരുന്നു. ബാത്‌റൂം ഉപയോഗിക്കാനായി വാതിൽ തുറക്കാൻ ഒരു ജീവനക്കാരൻ ശ്രമിക്കവേയാണ് ഇത് പുറത്തു നിന്ന് പൂട്ടിയിരിക്കുന്നതായി മനസ്സിലായത്. തുടർന്ന് ഇവർ തൊട്ടടുത്ത കെട്ടിടത്തിലെ ആളുകളെ വിളിച്ച് പൂട്ട് തുറപ്പിക്കുകയും പുറത്തിറങ്ങുകയും ചെയ്തു.
മനപ്പൂർവം ചെയ്തതല്ലെങ്കിലും തന്റെ പ്രവർത്തി കൊണ്ട് വിക്ടിന് 2,983 സിംഗപ്പൂർ ഡോളർ (2.47 ലക്ഷം രൂപ) പിഴയും വിധിച്ചതായി ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്തു. ഇയാളെ ചിലപ്പോൾ ജയിൽ ശിക്ഷയ്ക്കും വിധേയനാക്കിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.