1.63 ലക്ഷം രൂപയ്ക്ക് ഒരു പൊട്ടറ്റോ ചിപ്‌സ്; വിലകേട്ട് ഞെട്ടിയോ..എങ്കില്‍ കാരണം കൂടി കേള്‍ക്കൂ...

ഓൺലൈൻ സൈറ്റായ ഇ ബേയിലാണ് ബ്രിട്ടന്‍ സ്വദേശി അപൂര്‍വ പൊട്ടറ്റോ ചിപ്സ് വില്‍പനക്ക് വെച്ചിരിക്കുന്നത്

Update: 2022-05-12 11:21 GMT
Editor : Lissy P | By : Web Desk
Advertising

ലണ്ടൻ: പൊട്ടറ്റോ ചിപ്‌സ് ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വിവിധ ബ്രാൻഡുകൾ വൈവിധ്യമായ രുചികളിൽ പൊട്ടറ്റോ ചിപ്‌സുകൾ വിപണിയിലെത്തിക്കുന്നുണ്ട്. എത്രയൊക്കെ പ്രിയപ്പെട്ടതാണെങ്കിലും 100 രൂപയ്ക്ക് ഒരു ചിപ്സ് വാങ്ങുന്നത് സങ്കൽപിക്കാനാവുമോ..പോട്ടെ, 1.63 ലക്ഷത്തിന്.. വെറുതെ ചിരിച്ച് തള്ളേണ്ട.. 1.63 ലക്ഷത്തിന് ഒരു പൊട്ടറ്റോ ചിപ്‌സ് വിൽപ്പനക്കുണ്ട്. ഇവിടെയല്ല, അങ്ങ് ബ്രിട്ടണിലാണ് സംഭവം. ഓൺലൈൻ സൈറ്റായ ഇ ബേയിലാണ് ഒരാൾ 2,000 യൂറോയ്ക്ക് ഒരു പൊട്ടറ്റോ ചിപ്‌സ് വിൽപനക്ക് വെച്ചിരിക്കുന്നത്.

അതിനുമാത്രം എന്താണ് ഇതിനിത്ര പ്രത്യേകത എന്നല്ലേ ചിന്തിക്കുന്നത്.  വില ഈടാക്കാനുള്ള കാരണമായി കച്ചവടക്കാരന്‍ പറയുന്ന കാരണം കൂടി കേള്‍ക്കൂ... സവാള ഫ്‌ളേവറിൽ സോർ ക്രീമും കൂടിചേർത്താണ് ഈ ചിപ്‌സ് തയ്യാറാക്കിയെന്നാണ് കച്ചവടക്കാരൻ പറയുന്നത്. അതിന് പുറമെ 'ഏറ്റവും പുതിയതും ഉപയോഗിക്കാത്തതും തുറക്കാത്തതും കേടുപാടുകൾ സംഭവിക്കാത്തതുമായതാണ് ' ഇതെന്നാണ് കച്ചവടക്കാരൻ പറയുന്ന മറ്റൊരു കാരണം. അതിനെല്ലാം പുറമെ മറ്റെവിടെയും കാണാത്ത രീതിയിൽ മുകൾ ഭാഗത്ത് അപൂർവമായ മടക്കോടു കൂടിയാണ് ഇതുണ്ടാക്കിയതെന്നും കച്ചവടക്കാരൻ പറയുന്നു. ഈ പ്രത്യേകതകളാണത്രേ പൊട്ടറ്റോ ചിപ്സിന് ഇത്രയും വില ഈടാക്കാനുള്ള പ്രധാന കാരണങ്ങള്‍.

ഏതായാലും ഈ 'അപൂർവ' പൊട്ടറ്റോ ചിപ്‌സ് ഇന്റർനെറ്റിൽ താരമായിരിക്കുകയാണ്. ഇതാദ്യമായല്ല ഇത്തരം വിചിത്രമായ അവാകാശ വാദങ്ങളുമായി ഭക്ഷ്യ ഉൽപന്നങ്ങൾ ഓൺലൈനിൽ വിൽപ്പനക്ക് വെക്കുന്നത്. 73 ലക്ഷം രൂപക്ക് മക്ഡൊണാൾഡ്സ് ചിക്കൻ നഗറ്റും വിൽപനക്ക് വെച്ചതും അടുത്തിടെയായിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News