Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയുടെ നേതൃത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണ് മാര്‍ ജോര്‍ജ് കൂവക്കാട്.
മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. നിയുക്ത കര്‍ദിനാള്‍മാരോട് എളിമയുള്ളവരാകണമെന്ന് മാർപാപ്പ പറഞ്ഞു. ഒന്നര മണിക്കൂറാണ് ചടങ്ങുകളുടെ ദൈർഘ്യം.
മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.
മാർ ജോർജ് ജേക്കബ് കൂവക്കാടിന് മുഖ്യമന്ത്രി പിണറായി വിജയനും ആശംസയറിയിച്ചു. 'കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാട്ട് പിതാവിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ, പ്രത്യേകിച്ച് സിറോ മലബാർ സഭയ്ക്ക്, ഏറെ അഭിമാനകരമാണ് പട്ടക്കാരൻ ആയിരിക്കെ തന്നെ കർദിനാൾ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു എന്ന വസ്തുത. വത്തിക്കാൻ്റെ ഡിപ്ലോമാറ്റിക്ക് സർവീസിൻ്റെയും സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൻ്റെയും ഭാഗമായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള അദ്ദേഹത്തിന് ഈ പുതിയ നിയോഗത്തിൽ സഭയെയും പൊതു സമൂഹത്തെ ആകെയും കൂടുതൽ ആഴത്തിൽ സേവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞു.