റഷ്യക്കൊപ്പം, നാറ്റോയിൽ നിന്ന് ഫ്രാൻസിനെ ഭാഗികമായി പിൻവലിക്കും: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർഥി
2009 ൽ നാറ്റോ സഖ്യത്തിന്റെ മിലിറ്ററി കമാൻഡിന്റെ ഭാഗമായതു മുതൽ സഖ്യത്തിലെ മൂന്നാമത്തെ വലിയ സൈനികശക്തിയാണ് ഫ്രാൻസ്.
പാരിസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറുകയാണെങ്കിൽ നാറ്റോയുടെ "ഇൻറ്റഗ്രേറ്റഡ് മിലിറ്ററി കമാൻഡി'ൽ നിന്നുള്ള ഫ്രാൻസിന്റെ പിൻമാറ്റം സാധ്യമാക്കുമെന്നും, സഖ്യവും റഷ്യയും തമ്മിലുള്ള തന്ത്രപരമായ അനുരഞ്ജനത്തിനായി പ്രവർത്തിക്കുമെന്നും പ്രസിഡൻഷ്യൽ സ്ഥാനാർഥി മറൈൻ ലെ പെൻ പ്രസ്താവിച്ചു. ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് തീവ്ര വലതുപക്ഷ ദേശീയ റാലി സ്ഥാനാർഥിയായ മറൈൻ തന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ, നാറ്റോ സഖ്യത്തിൽ നിന്ന് ഫ്രാൻസ് പൂർണമായും പിൻമാറണമെന്ന ആവശ്യം മറൈൻ ഉന്നയിച്ചിരുന്നു.
1966 മുതൽ 2009 വരെ നീണ്ട കാലയളവിൽ ഫ്രാൻസ് നാറ്റോ ഇൻറ്റഗ്രേറ്റഡ് മിലിറ്ററി കമാൻഡിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും എന്നാൽ രാഷ്ട്രീയഘടനയുടെ ഭാഗമായി ത്തുടരുകയും ചെയ്തിരുന്നു. അതേ നിലപാട് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. എന്നാൽ, നാറ്റോയുടെ സൈനിക കമാൻഡിൽ നിന്നുള്ള പിന്മാറ്റം റഷ്യക്ക് കീഴടങ്ങുന്നു എന്നല്ല അർഥമാക്കുന്നതെന്നും ഏതെങ്കിലും വിദേശ കമാൻഡുകൾക്കു കീഴിൽ ഫ്രഞ്ച് സൈന്യം ഉണ്ടാവരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗം മാത്രമാണതെന്നും ലാ പെൻ വ്യക്തമാക്കി.
തന്റെ ഭരണത്തിനു കീഴിലുള്ള ഫ്രാൻസ് കൂട്ടായ സുരക്ഷാതാൽപ്പര്യങ്ങൾക്കും നോർത്ത് അറ്റ്ലാന്റിക്ക് ഉടമ്പടിയുടെ അഞ്ചാം അനുഛേദത്തിനും പ്രതിബദ്ധമായി തുടരുമെന്നും മറൈൻ ലെ പെൻ പറഞ്ഞു.
2009 ൽ നാറ്റോ സഖ്യത്തിന്റെ മിലിറ്ററി കമാൻഡിന്റെ ഭാഗമായതു മുതൽ സഖ്യത്തിലെ മൂന്നാമത്തെ വലിയ സൈനികശക്തിയാണ് ഫ്രാൻസ്. നാലാമത്തെ വലിയ പ്രതിരോധ ബഡ്ജറ്റും അവരുടേതു തന്നെ. സൈനിക കമാൻഡിൽ നിന്ന് ഫ്രാൻസ് പിന്മാറിയാൽ നാറ്റോയെ അത് കാര്യമായി ബാധിക്കും എന്നാണ് സൂചന.
നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ലെ പെന്നും തമ്മിലുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മാക്രോൺ 27.6 ശതമാനവും ലെ പെൻ 23.41 ശതമാനവും വോട്ടാണ് നേടിയത്. രണ്ടാം ഘട്ടം ഈ മാസം 24-ന് നടക്കും. മാക്രോണ് വ്യക്തമായ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.