ഫലസ്തീൻ സിനിമാ ശേഖരം നീക്കി നെറ്റ്ഫ്ലിക്സ്; വൻ പ്രതിഷേധം

30ഓളം സിനിമകളാണ് ശേഖരത്തിലുണ്ടായിരുന്നത്

Update: 2024-10-26 16:27 GMT
Advertising

ഫലസ്തീൻ സിനിമാ ശേഖരം നെറ്റ്ഫ്ലിക്സ് നീക്കിയതിനെതിരെ വൻ പ്രതിഷേധം. ഫലസ്തീൻ കുടുംബങ്ങൾ, സഹിഷ്ണുത, അധിനിവേശത്തിന് കീഴിലെ ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട 30ഓളം സിനിമകളാണ് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നത്. ഒക്ടോബർ 14ഓടെ ‘ഫലസ്തീൻ കഥകൾ’ എന്ന വിഭാഗത്തിലുള്ള ഭൂരിഭാഗം സിനിമകളും നീക്കുകയായിരുന്നു. നിലവിൽ രണ്ടെണ്ണം മാത്രമാണ് നെറ്റ്ഫ്ലിക്സിലുള്ളത്. ഇതിനെതിരെ മനുഷ്യാവകാശ സംഘടനകളിൽനിന്നും സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കിടെ, സയണിസ്റ്റ് ലോബിയുടെ സമ്മർദ്ദത്തെ തുടർന്നാണ് സിനിമകൾ നീക്കിയതെന്ന് പലരും ആരോപിക്കുന്നുണ്ട്. ശേഖരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും തയാറാക്കുന്നുണ്ട്. കൂടാതെ പെട്ടെന്ന് നീക്കം ചെയ്യാനുള്ള കാരണവും വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട നിരവധി സിനിമകൾ നീക്കിയതിനെ എങ്ങനെയാണ് ന്യായീകരിക്കുകയെന്ന് അവകാശ സംഘടനയായ ​‘ഫ്രീഡം ഫോർവേഡ്’ നെറ്റ്ഫ്ലിക്സി​നയച്ച കത്തിൽ ചോദിക്കുന്നു.

2021 ഒക്ടോബറിൽ ഫലസ്തീൻ സിനിമാ ശേഖരം നെറ്റ്ഫ്ലിക്സിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ ഇതിനെതിരെ സയണിസ്റ്റ് ലോബി പ്രചാരണം ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ ഇസ്രായേലി സംഘമായ ‘ഇം ടിർട്സു’ ഈ ശേഖരണത്തിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. 19 ഫീച്ചർ ഡയറക്ടർമാരിൽ 16 പേരും ഇസ്രായേലിനെതിരായ ബഹിഷ്കരം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നവരാണെന്നും ഇവർ ആരോപിക്കുന്നുണ്ട്.

എന്നാൽ, ലോകമെമ്പാടുമുള്ള കലാപരാമയ സ്വാതന്ത്ര്യത്തിനും ആധികരികമായ കഥകൾക്കുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അന്ന് സയണിസ്റ്റ് ലോബികളുടെ വാദത്തെ നെറ്റ്ഫ്ലിക്സ് എതിർത്തത്. ജനങ്ങളുടെ ജീവിതം, സ്വപ്നങ്ങൾ, കുടുംബം, സൗഹൃദം, സ്നേഹം എന്നിവ ഒപ്പിയെടുക്കുന്ന ഫലസ്തീൻ അനുഭവങ്ങളാണ് ഈ ശേഖരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, മൂന്ന് വർഷത്തിനുശേഷം ഈ നിലപാടിൽനിന്ന് നെറ്റ്ഫ്ലിക്സ് പിൻവാങ്ങിയെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

ഫലസ്തീൻ സിനിമാ ശേഖരം നീക്കിയതിനെ ഫലസ്തീൻ അനുകൂല സാമൂഹിക നീതി സംഘടനയായ കോഡ്പിങ്ക് അപലപിച്ചു. ഫലസ്തീനികളുടെ കഥകളെയും വീക്ഷണങ്ങളെയും ജനകീയ സംസ്കാരത്തിൽനിന്ന് മായ്ച്ചുകളയുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. അഭയാർഥി ക്യാമ്പിലെ ജീവിതം രണ്ട് കുട്ടികളുടെ കണ്ണിലൂടെ ചിത്രീകരിക്കുന്ന മായ് മസ്രി സംവിധാനം ചെയ്ത ‘ചിൽഡ്രൻ ഓഫ് ഷാതില’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നെറ്റ്ഫ്ലിക്സ് നീക്കിയിട്ടുണ്ട്. ‘200 മീറ്റേഴ്സ്’, ‘ഇബ്രാഹിം എ ഫേറ്റ് ടു ഡിഫൈൻ’ എന്നീ രണ്ട് സിനിമകൾ മാത്രമാണ് നിലവിൽ ശേഖരത്തിലുള്ളത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News