ഇസ്രായേൽ- ഹമാസ് ധാരണ പ്രകാരമുള്ള മരുന്ന് ഗസ്സയിലെത്തി; തുടർചർച്ചകൾക്ക് സാധ്യത വർധിച്ചതായി ഫ്രാൻസ്

ഗസ്സയിൽ റഫയിലും ഖാൻ യൂനിസിലുമടക്കം ഇസ്രായേൽ ആക്രമണം തുടരുകയാണ്

Update: 2024-01-18 12:50 GMT
Editor : banuisahak | By : Web Desk
Advertising

ഇസ്രായേൽ ഹമാസ് ധാരണപ്രകാരമുള്ള മരുന്ന് ഗസ്സയിൽ എത്തിച്ചതോടെ, ബന്ദിമോചന തുടർ ചർച്ചകൾക്ക് സാധ്യതവർധിച്ചെന്ന് ഫ്രാൻസ്​. അഞ്ച് ട്രക്ക് മരുന്നുകളാണ് ഗസ്സയിൽ എത്തിച്ചത്. ഗസ്സയിൽ റഫയിലും ഖാൻ യൂനിസിലുമടക്കം ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഹമാസിന്റെ പ്രത്യാക്രമണത്തിൽ 28 സൈനികർക്ക്​ പരിക്കേറ്റതായി ഇസ്രായേൽ വ്യക്തമാക്കി. 

ഗസ്സയിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും തുടർ ചർച്ചകൾക്ക്​ ആക്കം കൂട്ടാൻ മരുന്നുവിതരണം അവസരം ഒരുക്കുമെന്ന്​ ഇസ്രായേലിലെ ഫ്രഞ്ച്​ അംബാസഡർ ഫ്രെഡറിക്​ ജേർണസ്​. ഇസ്രായേൽ റേഡിയോ നിലയത്തോടാണ്​ അംബാസഡറുടെ പ്രതികരണം.

ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകൾ പൂർണമായി അംഗീകരിച്ചാണ് മരുന്ന് ഉൽപന്നങ്ങൾ ഗസ്സയിൽ എത്തിച്ചത്. ബന്ദികൾക്ക് ഒരു പെട്ടി മരുന്ന് നൽകുമ്പോൾ ഫലസ്തീനികൾക്ക് 1,000 പെട്ടി മരുന്ന് നൽകണമെന്നായിരുന്നു ഹമാസിന്റെ പ്രധാന നിബന്ധന. ഖത്തർ, ഫ്രാൻസ് മധ്യസ്ഥതയിലാണ് മരുന്നെത്തിക്കൽ കരാർ യാഥാർഥ്യമായത്.

നേരത്തെ ഫ്രാൻസ് മരുന്ന് നൽകുമെന്നായിരുന്നു ധാരണയെങ്കിലും ഹമാസ് തള്ളുകയായിരുന്നു. തുടർന്ന് ഖത്തറാണ് മരുന്ന് നൽകിയത്. ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തിച്ച മരുന്ന് റഫ അതിർത്തി വഴി ഗസ്സയിലെത്തിക്കുകയായിരുന്നു.

ലക്ഷ്യം നേടുന്നതിൽ നാം പരാജയപ്പെട്ടുവെന്ന്​ സമ്മതിക്കുകയും വെടിനിർത്തലിന്​ അവസരം ഒരുക്കി ബന്ദികളെ മോചിപ്പിക്കുക മാത്രമാണ്​ ഇനി ഏകമാർഗമെന്ന്​ ഇസ്രായേൽ മുൻ സൈനിക മേധാവി ഇറ്റ്​സാക്​ ബ്രീക്​. അഞ്ചു വർഷം ഹമാസ്​ ബന്ദിയാക്കിയ ഗിലാദ്​ ഷാലിദ്​ തെൽ അവീവിൽ ബന്ദികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്​ച നടത്തി.

ഗസ്സയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ തുടരുന്നത്. ഖാൻ യൂനിസിൽ മുന്നറിയിപ്പ് നൽകാതെയാണ് നാസർ ആശുപത്രി പരിസരം ആക്രമിച്ചതെന്ന് ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് കുറ്റപ്പെടുത്തി. റഫയിൽ ആക്രമണത്തിൽ കുഞ്ഞ് ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. 

വെസ്റ്റ് ബാങ്കിൽ 24 മണിക്കൂർ നീണ്ട റെയ്ഡിനിടെ 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ 28 ​സൈനികർക്കാണ്​ പുതുതായി പരിക്കേറ്റത്​. ഇവരിൽ ചിലരുടെ നിലഗുരുതരമാണെന്നും സൈന്യം ഫലസ്തീന് പിന്തുണയുമായി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കുന്ന ഹൂതികളെ ലക്ഷ്യമിട്ട് നാലാം തവണയും യുഎസ് യമനിൽ ആക്രമണം നടത്തി. തൊടുത്തുവിടാനിരുന്ന 14 മിസൈലുകൾ തകർത്തെന്നാണ് യുഎസ് അവകാശവാദം. ലബനാനിൽ യുദ്ധസാധ്യത ഏറെയാണെന്ന് അതിർത്തി സന്ദർശിച്ച ഇസ്രായേൽ സേനാ തലവൻ പ്രതികരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News