ജെഫ് ബെസോസ് ഇന്ന് വിരമിക്കും; ആന്‍ഡി ജാസി ആമസോണ്‍ സി.ഇ.ഒ

ലോക സമ്പന്നരില്‍ മുന്‍ നിരയിലുള്ള ബെസോസിന്‍റെ സമ്പാദ്യം 20,180 കോടി അമേരിക്കന്‍ ഡോളറാണ്

Update: 2021-07-05 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ ലോക വിപണി നിയന്ത്രിക്കുന്ന ആമസോണിന്‍റെ സി.ഇഒ. പദവിയില്‍ നിന്ന് ജെഫ് ബെസോസ് ഇന്ന് വിരമിക്കും. ആമസോണിന്‍റെ ദൈനം ദിന ചുമതലയില്‍ നിന്ന് മാറിയാലും എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരും. പുതിയ സി.ഇ.ഒ ആയി ആമസോണിന്‍റെ ക്ലൗഡ് കംപ്യൂട്ടിങ് വിഭാഗം മേധാവി ആന്‍ഡി ജാസി ഇന്ന് ചുമതലയേല്‍ക്കും.

ഹെഡ്ജ് ഫണ്ട് എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് ഗാരജ് സംരംഭകനായ ജെഫ് ബെസോസ് എന്ന മുപ്പതുകാരന്‍ 1994 ലാണ് അമേരിക്കയിലെ ബെല്ലൂവിയില്‍ ആമസോണ്‍ തുടങ്ങുന്നത്. 27 വര്‍ഷത്തിനിപ്പുറം ലോകത്തെ ഒന്നാം നമ്പര്‍ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമായി ആമസോണിനെ മാറ്റിയ ശേഷമാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയൊഴിയുന്നത്.

ലോകത്തെ സമ്പന്നരില്‍ മുന്‍ നിരയിലുള്ള ബെസോസിന്‍റെ സമ്പാദ്യം 20,180 കോടി അമേരിക്കന്‍ ഡോളറാണ് . കമ്പനിയുടെ ആദ്യ സിഇഒ മാറ്റമാണ്. കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനും വലിയ ഓഹരി പങ്കാളിയുമായി തുടരുമെങ്കിലും മറ്റ് പല പദ്ധതികളും ലക്ഷ്യമിട്ടാണ് പടിയിറക്കമെന്നാണ് സൂചന .

ജെഫ് ബെസോസിന്‍റെ ബഹിരാകാശ സാമഗ്രി നിര്‍മാണ കമ്പനിയായ ബ്ലൂ ഒറിജിനലിന്‍റെ ആദ്യ പേടകമായ ന്യൂ ഷെഫേഡില്‍ ബഹിരാകാശ യാത്രക്കൊരുങ്ങുകയാണ്. ജുലൈ 20നാണ് യാത്ര. ആമസോണിന് കീഴിലെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവന വിഭാഗം മേധാവി ആന്‍ഡി ജാസിയാണ് ബെസോസിന്‍റെ പിന്‍ഗാമി. 1,75,000 ഡോളറാണ് ജാസിയുടെ ശമ്പളം. 4.15 കോടി ഡോളറിന്‍റെ ഓഹരികളും ജാസിക്ക് നല്‍കിയിട്ടുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News