ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ല: ഇമ്രാൻ ഖാൻ
ഇസ്‍ലാമാബാദിൽ ഇമ്രാൻ അനുകൂലികളുടെ ശക്തിപ്രകടനം നടന്നു
ജീവൻ നഷ്ടമായാലും അട്ടിമറി ശ്രമങ്ങൾക്ക് കീഴടങ്ങില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇസ്‍ലാമാബാദിൽ ഇമ്രാൻ അനുകൂലികളുടെ വൻ ശക്തിപ്രകടനമാണ് നടന്നത്. പാകിസ്താൻ തഹ്‌രീകെ ഇൻസാഫിന്റെ വൻറാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തു. റാലിയിൽ വെച്ച് ഇമ്രാൻ രാജി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പാകിസ്താന്‍റെ ഭാവി നിർണയിക്കുന്ന റാലി എന്ന പ്രഖ്യാപനത്തോടെയാണ് അംറുൽ ബിൽ മഅ്റൂഫ് ജൽസ എന്ന പേരിൽ ഇസ്‍ലാമാബാദിൽ കൂറ്റൻ റാലി നടന്നത്. ഇമ്രാൻ ഖാൻ രാജിവെച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നതിനാൽ പാകിസ്താൻ ഒന്നാകെ ഇസ്‍ലാമാബാദിലേക്ക് കണ്ണുനട്ടിരുന്നു. സമ്മേളനം ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ട ശേഷം ഇമ്രാൻ ഖാൻ പറന്നിറങ്ങി. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഇമ്രാൻ ഒരു കുതന്ത്രത്തിനു മുന്നിലും തോറ്റു പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു.
പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. 342 അംഗ ദേശീയ അസംബ്ലിയിൽ 179 പേരുടെ പിന്തുണയാണ് ഇമ്രാനുണ്ടായിരുന്നത്. സ്വന്തം പാർട്ടിയായ തെഹ്‌രികെ ഇൻസാഫിലെ 24 വിമത എംപിമാരും ഒപ്പം നിന്ന മൂന്ന് ചെറുകക്ഷികളും അവിശ്വാസത്തെ അനുകൂലിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് ഇമ്രാന്റെ നില പരുങ്ങലിലായത്. പാക് സൈന്യവും ഇമ്രാനെ കൈവിട്ടു. പാക് ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഇതിനായി വിദേശത്ത് നിന്ന് പാകിസ്താനിലേക്ക് പണമെത്തുന്നുണ്ടെന്ന് പറഞ്ഞ ഇമ്രാന്‍, ആരോപണം ഏതു രാജ്യത്തിനെതിരെയാണെന്ന് വെളിപ്പെടുത്തിയില്ല.