നഷ്ടപരിഹാരത്തുകയില്‍ ധാരണയായി; സൂയസ് കനാലിൽ വഴിമുടക്കിയ കൂറ്റന്‍ കപ്പൽ ഒടുവിൽ ഈജിപ്ത് വിട്ടു

കഴിഞ്ഞ മാർച്ച് 23നാണ് ജാപ്പനീസ് ചരക്കുകപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലിനു കുറുകെ കുടുങ്ങിയത്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന ചരക്കുഗതാഗത പാതയില്‍ ഇതുമൂലം ദിവസങ്ങളോളമാണ് പ്രതിസന്ധി നിലനിന്നത്

Update: 2021-07-08 11:42 GMT
Editor : Shaheer | By : Web Desk
Advertising

സൂയസ് കനാലിൽ ചരക്കുനീക്കം തടഞ്ഞ് ദിവസങ്ങളോളം പ്രതിസന്ധി സൃഷ്ടിച്ച കൂറ്റന്‍ കപ്പല്‍ എംവി എവർ ഗിവൺ ഒടുവിൽ ഈജിപ്ത് വിട്ടു. ഈജിപ്ത് ഭരണകൂടവും ജപ്പാനിലെ കപ്പൽ ഉടമകളും തമ്മിലുണ്ടാക്കിയ നഷ്ടപരിഹാര കരാറിനെത്തുടർന്നാണ് ഒടുവിൽ കപ്പൽ മോചനത്തിന് വഴിയൊരുങ്ങിയത്. സംഭവത്തിനുശേഷം ഈജിപ്ഷ്യൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു കപ്പൽ.

സൂയസ് കനാൽ തീരനഗരമായ ഇസ്മായിലിയ്യയിലായിരുന്നു കപ്പൽ പിടിച്ചിട്ടിരുന്നത്. കരാറിനെത്തുടര്‍ന്ന് കപ്പല്‍ നങ്കൂരമുയർത്തി ഇവിടെനിന്നു പുറപ്പെട്ടു. മധ്യാധരണ്യാഴിയുടെ ഭാഗത്തേക്കാണ് കപ്പല്‍ തിരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 23നാണ് ശക്തമായ മണൽക്കാറ്റിനെത്തുടർന്ന് കപ്പൽ സൂയസ് കനാലിനു കുറുകെ കുടുങ്ങിയത്. രണ്ടുലക്ഷം ടൺ ഭാരമുള്ള കണ്ടെയ്‌നറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള ചരക്കുഗതാഗതത്തിന്റെ ഏറ്റവും പ്രധാന പാതയാണ് ഇതുമൂലം ദിവസങ്ങളോളം പ്രതിസന്ധിയിലായത്. ആഗോള സമുദ്രവ്യാപാരത്തിന്റെ പത്തുശതമാനവും കനാൽ മാർഗമാണ് നടക്കുന്നത്. ഈജിപ്തിന്റെ പ്രധാന വരുമാനമാർഗവുമായിരുന്നു ഇത്.

വിദേശത്തുനിന്നുള്ള വിദഗ്ധ സംഘങ്ങളെത്തിയിട്ടും കപ്പലിനെ സ്ഥലത്തുനിന്നു മാറ്റാനോ നീക്കാനോ കഴിഞ്ഞിരുന്നില്ല. ദീർഘനാളത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ചുറ്റുമുള്ള മണൽ നീക്കി കപ്പൽ ഉയർത്തിയത്. തുടർന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. കനാലിൽ വഴിമുടക്കിയതു കാരണം നഷ്ടപ്പെട്ട വരുമാനത്തിനും രക്ഷാപ്രവർത്തന ചെലവിനും കനാലിനുണ്ടായ കേടുപാടുകൾക്കുമെല്ലാം നഷ്ടപരിഹാരം നൽകണമെന്ന് കപ്പൽ ഉടമകളായ ഷോയ് കിസെൻ കൈഷയോട് ഈജിപ്ത് ആവശ്യപ്പെട്ടു.

മാസങ്ങള്‍ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് നയതന്ത്ര പ്രതിനിധികളും അന്താരാഷ്ട്ര മാധ്യമങ്ങളുമെല്ലാം പങ്കെടുത്ത ചടങ്ങിൽ സൂയസ് കനാൽ അതോറിറ്റി(എസ്‌സിഎ) തലവൻ ഉസാമ റാബി കമ്പനി ഉടമകളുമായി കരാറിൽ ഒപ്പുവച്ചത്. ആഘോഷപൂർവം നടന്ന ചടങ്ങ് ദേശീയ ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. തുടക്കത്തിൽ 916 മില്യൻ ഡോളറാണ്(ഏകദേശം 6,854 കോടി രൂപ) ഈജിപ്ത് കമ്പനിയോട് നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടത്. ഇതു പിന്നീട് 550 മില്യൻ ഡോളറായി(ഏകദേശം 4,115 കോടി രൂപ) വെട്ടിക്കുറച്ചു. എന്നാൽ, അന്തിമകരാറിൽ ധാരണയായ തുക പുറത്തുവിട്ടിട്ടില്ല.

കനാൽ വഴി പ്രതിവർഷം അഞ്ചു ബില്യൻ ഡോളറാണ്(ഏകേദശം 37,412 കോടി രൂപ) ഈജിപ്തിനു ലഭിച്ചിരുന്നത്. കപ്പൽ വഴിമുടക്കിയതിനെ തുടർന്ന് കനാൽ വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായതോടെ പ്രതിദിനം 15 മില്യനോളം ഡോളർ വരെ നഷ്ടപ്പെട്ടു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News