ട്വിറ്ററിന് പിന്നാലെ മെറ്റയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു
2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം മെറ്റയ്ക്ക് 87,314 ജീവനക്കാരാണ് ഉള്ളത്. പുതിയ നടപടി ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും.
വാഷിങ്ടൺ: ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങൂന്നതായി റിപ്പോർട്ട്. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ല. ഈ ആഴ്ച തന്നെ നടപടി ആരംഭിക്കുമെന്നാണ് സൂചനയെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. 2004ൽ സ്ഥാപിതമായതിന് ശേഷം കമ്പനിയിൽ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലിനാവും മെറ്റ സാക്ഷ്യം വഹിക്കുക. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാൻ മെറ്റ തയ്യാറായിട്ടില്ല
2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം മെറ്റയ്ക്ക് 87,314 ജീവനക്കാരാണ് ഉള്ളത്. പുതിയ നടപടി ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ലോകമെമ്പാടുമുള്ള ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്തയും വരുന്നത്.
കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച ഡിസംബർ പാദത്തിലെ വരുമാന വീക്ഷണം മെറ്റയ്ക്ക് തിരിച്ചടിയുടെ സൂചനകൾ നൽകിയിരുന്നു. അടുത്ത വർഷം മെറ്റാവേഴ്സിന്റെ നിക്ഷേപങ്ങളിൽ കാര്യമായ നഷ്ടം സംഭവിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ വെളിപ്പെടുത്തൽ ഓഹരി വിലയിൽ കുത്തനെ ഇടിവുണ്ടാക്കി. ആഗോള സാമ്പത്തിക മാന്ദ്യം, ടിക് ടോക്കിൽനിന്നുള്ള മത്സരം, ആപ്പിളിന്റെ സ്വകാര്യതാ മാറ്റങ്ങൾ, മെറ്റാവേഴ്‌സിനു വേണ്ടിയുള്ള ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ മെറ്റ നേരിടുന്ന ഭീഷണികളാണ്.
2023-ൽ വളർച്ചക്ക് മുൻഗണനയുള്ള മേഖലകളിൽ നിക്ഷേപങ്ങൾ കേന്ദ്രീകരിക്കും. ചില ടീമുകൾ നല്ല രീതിയിൽ വളരും, എന്നാൽ മറ്റ് മിക്ക ടീമുകളുടെയും അടുത്ത വർഷത്തെ വളർച്ച ചുരുങ്ങാനാണ് സാധ്യത. 2023 അവസമാനമാവുമ്പോഴേക്കും മെറ്റ അതേവലിപ്പത്തിലോ അല്ലെങ്കിൽ ഇന്നുള്ളതിനെക്കാൾ ചെറിയ സ്ഥാപനമായോ മാത്രമായിരിക്കും തുടരുകയെന്നും സക്കർബർഗ് ഒക്ടോബർ അവസാനം പറഞ്ഞിരുന്നു.