സാമ്പത്തിക മാന്ദ്യം: മൈക്രോസോഫ്റ്റിനും രക്ഷയില്ല, 1000 പേരെ പിരിച്ചുവിട്ടു
ഉയർന്ന പലിശനിരക്ക്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധി എന്നിവ കാരണം ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നാണ് കമ്പനികൾ സമ്മർദ്ദത്തിലായത്.
ആഗോള സാമ്പത്തിക മാന്ദ്യം മറ്റു കമ്പനികളെപോലെ തന്നെ ടെക് ഭീമനായ മൈക്രോസോഫ്റ്റിനെയും വരിഞ്ഞുമുറുക്കുകയാണ്. വിവിധ ഡിവിഷനുകളിലായി ഏകദേശം 1,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.
''എല്ലാ കമ്പനികളെയും പോലെ, നമ്മളും ബിസിനസ്സ് മുൻഗണനകൾ പതിവായി വിലയിരുത്തി അതിനനുസരിച്ച് ഘടനാപരമായ ക്രമീകരണങ്ങൾ വരുത്താറുണ്ട്. നാം ബിസിനസിൽ നിക്ഷേപം തുടരുകയും വരും വർഷങ്ങളിൽ പ്രധാന വളർച്ചാ മേഖലകളിൽ നിയമനം നടത്തുകയും ചെയ്യും.'' പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇത് മൂന്നാം തവണയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടുന്നത്. ജൂലൈയിൽ കമ്പനി പുനർവിന്യാസത്തിന്റെ ഭാഗമായി 1,80,000 തൊഴിലാളികളിലെ 1% പേരെ പിരിച്ചുവിട്ടിരുന്നു. ഓഗസ്റ്റിൽ, കമ്പനി അതിന്റെ ഗവേഷണ വികസന വിഭാഗത്തിൽ നിന്ന് 200 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട ആളുകളുടെ എണ്ണം മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുറത്താക്കപ്പെട്ട പല ജീവനക്കാരും വാർത്ത സ്ഥിരീകരിക്കാൻ ട്വിറ്ററിൽ എത്തി.
ഉയർന്ന പലിശനിരക്ക്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, യൂറോപ്പിലെ ഊർജ്ജ പ്രതിസന്ധി എന്നിവ കാരണം ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നാണ് കമ്പനികൾ സമ്മർദ്ദത്തിലായത്.
സാമ്പത്തിക മാന്ദ്യം എല്ലാ ടെക്ക് കമ്പനികളെയും നല്ലതുപോലെ ബാധിച്ചിട്ടുണ്ട്. മെറ്റ, ട്വിറ്റർ, സ്‌നാപ്ചാറ്റ് എന്നീ കമ്പനികൾ ജീവനക്കരെ പിരിച്ചുവിട്ടിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് 450 ജീവനക്കാരെ പിരിച്ചുവിട്ടു. മെറ്റ അവരുടെ 15% തൊഴിലാളികളെ പിരിച്ചുവിടാൻ പദ്ധതിയിടുന്നുണ്ട്. ജൂണിൽ ട്വിറ്റർ തങ്ങളുടെ 30% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച്, ഒക്‌ടോബർ പകുതിയോടെ യുഎസിലെ ടെക് വിപണിയിൽ 44,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലും പിരിച്ചുവിടൽ സ്ഥിതി വ്യത്യസ്തമല്ല എന്നത് ശ്രദ്ധേയമാണ്. പല സ്റ്റാർട്ടപ്പ് കമ്പനികളും ലക്ഷക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.