ഇസ്രായേലിനായി 10 മില്യൺ ഡോളർ സമാഹരിച്ച പരിപാടിയിൽ മൈക്ക് ടൈസൺ
2017ലും മൈക്ക് ടൈസൺ ഇസ്രായേൽ ധനസമാഹരണ ചടങ്ങിൽ പങ്കെടുത്തിരുന്നു
ഫ്‌ളോറിഡ: ഇസ്രായേൽ സൈന്യത്തിനായി 10 മില്യൺ ഡോളർ സമാഹരിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് അമേരിക്കയുടെ മുൻ പ്രഫഷണൽ ബോക്‌സർ മൈക്ക് ടൈസൺ. അമേരിക്കയിലെ ഫ്‌ളോറിഡയിൽ 'ഫ്രണ്ട്‌സ് ഓഫ് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ്' ഗ്രൂപ്പ് സംഘടിപ്പിച്ച ധനസമാഹരണ പരിപാടിയിലാണ് മൈക്ക് ടൈസൺ പങ്കെടുത്തത്.
ഇസ്രായേൽ ഉപരോധത്തിലൂടെയും ആക്രമണത്തിലൂടെയും ഗസ്സ മുനമ്പിൽ അനവധി ഫലസ്തീൻ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്നതിനിടെയാണ് ഫണ്ട് ശേഖരണം.
പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുകയും വിമർശനമുയരുകയും ചെയ്തതോടെ വിശദീകരണവുമായി മൈക്ക് ടൈസൺ രംഗത്തെത്തി. താൻ പങ്കെടുത്ത അത്താഴവിരുന്നിൽ ഇസ്രായേൽ സൈന്യത്തിനായുള്ള ധനസമാഹരണം നടക്കുന്നുണ്ടെന്ന് അറിയില്ലെന്നായിരുന്നു മുൻ ബോക്‌സറുടെ പ്രതികരണം.
'ഞാൻ ഈയിടെ പങ്കെടുത്ത പരിപാടിയുടെ യാഥാർത്ഥ്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സാധാരണ സായാഹ്ന പരിപാടിക്കായി ഒരു സുഹൃത്താണ് എന്നെ ക്ഷണിച്ചത്. അവിടെ നടക്കുന്ന ധനസമാഹരണത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാനോ എന്റെ പേരിലോ ഒരു സംഭാവനയും നൽകിയിട്ടില്ല' തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, ടൈസൺ എഴുതി.
എന്നാൽ മൈക്ക് ടൈസൺ 2017ൽ ഇത്തരം ധനസമാഹരണ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് ഡോക്യുമെൻറിംഗ് ഒപ്രഷൻ എഗൈൻസ്റ്റ് മുസ്‌ലിംസ് (ഡോം ) എക്‌സിൽ (ട്വിറ്ററിൽ) കുറിച്ചത്.
Mike Tyson at an event that raised $10 million for Israel Army