സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് രണ്ടിനാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

Update: 2022-08-31 00:57 GMT
Advertising

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് (91) അന്തരിച്ചു. റഷ്യയിലെ മോസ്‌കോ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗോർബച്ചേവിന്റെ നിര്യാണത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള ലോകനേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് രണ്ടിനാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990-91 കാലയളവിലാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. തുടർന്ന് യുഎസ്എസ്ആറിൽ പ്രധാന രാഷ്ട്രീയ സാമ്പത്തിക പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയനെ ജനാധ്യപത്യവത്കരിക്കാൻ ശ്രമിച്ചു. ഇതിനായി ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പ്രത്യേക ചട്ടക്കൂടിനകത്ത് നിന്ന പാർട്ടിയെ ജനങ്ങളുമായി അടുപ്പിക്കുകയായിരുന്ന ലക്ഷ്യം.

സർക്കാരിനെ വിമർശിക്കാൻ ആളുകളെ അനുവദിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ട ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. പശ്ചാത്യ ശക്തികളെ കൂടെക്കൂട്ടാനായി പരിശ്രമിച്ചു, അമേരിക്കയുമായി ആയുധനിയന്ത്രണ കരാറുകൾ ഒപ്പുവെച്ചു. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇടപെട്ടില്ല. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികൾക്ക് അന്ത്യം വരുത്താനും കൂടുതൽ ജനാധിപത്യ രീതികൾ നടപ്പിലാക്കാനും ഗോർബച്ചേവിന് സാധിച്ചു.

എന്നാൽ ഇത് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ദേശീയ വികാരങ്ങൾ അഴിച്ചുവിട്ടു. ഒടുവിൽ യുഎസ്എസ്ആറിന്റെ തകർച്ചയിലേക്ക് നയിച്ചു. 1991 ഡിസംബർ 25 ന് സോവിയറ്റ് യൂണിയൻ തകർന്നതോടെ ഗോർബച്ചേവിന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവേക്കേണ്ടി വന്നു. തുടർന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഉത്തരവാദിയെന്ന വിമർശനവും ഉയർന്നു.

നിരവധി തവണ അദ്ദേഹത്തിനെതിരെ വധശ്രമങ്ങളുണ്ടായി. കിഴക്ക്-പടിഞ്ഞാറൻ ബന്ധങ്ങളിലെ സമൂലമായ മാറ്റങ്ങളിൽ അദ്ദേഹം വഹിച്ച പങ്കിന് 1990-ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു. 1996 ൽ റഷ്യൻ പ്രസിഡന്റ് സ്ഥാനത്തേക് മത്സരിച്ചെങ്കിലും ഒരു ശതമാനം വോട്ടുപോലും നേടാനാകാതെ പരാജയപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകർച്ച്ക്ക് കാരണമായ നേതാവെന്ന് വിമർശിക്കപ്പെടുമ്പോഴും യുഎസ്എസ്ആറിന്റെ ഇരുമ്പുമറ മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയമുഖം നൽകിയ നേതാവെന്നും മിഖായേൽ ഗോർബച്ചേവിനെ ചരിത്രം അടയാളപ്പെടുത്തും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News