മിഖായേൽ ഗോർബച്ചേവ്: ശീതയുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയ നേതാവ്

സോവിയറ്റ് യൂണിയന്റെ ജനാധിപത്യവൽക്കരണത്തിന് നേതൃത്വം നൽകിയെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണക്കാരനെന്ന വിശേഷണമാണ് അദ്ദേഹത്തിന് കമ്മ്യൂണിസിറ്റുകാർക്കിടയിലുണ്ടായത്.

Update: 2022-08-31 02:13 GMT
Advertising

മോസ്‌കോ: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ അമേരിക്ക-യുഎസ്എസ്ആർ ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻകയ്യെടുത്ത നേതാവായിരുന്നു മിഖായേൽ ഗോർബച്ചേവ്. ഗോർബച്ചേവിന്റെ മരണം ലോകരാഷ്ട്രീയത്തിൽ ഒരു യുഗാന്ത്യം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും അധികം സ്വാധീനച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് മിഖായേൽ ഗോർബച്ചേവ്.

നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1990-91 കാലയളവിലാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഏഷ്യയിലും കിഴക്കൻ യൂറോപ്പിലുമായി വ്യാപിച്ചുകിടന്ന സോവിയറ്റ് യൂണിയന് അന്ത്യം കുറിച്ച് നേതാവെന്നാണ് ഗോർബച്ചേവ് ചരിത്രത്തിൽ അറിയപ്പെടുന്നത്.


ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങൾക്കെതിരെ നടന്ന പ്രതിഷേധം

സോവിയറ്റ് യൂണിയനിൽ ജനാധിപത്യവൽക്കരണത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു ഗോർബച്ചേവ്. ഇതിനായി ഗ്ലാസ്‌നോത്, പെരിസ്‌ട്രോയിക്ക എന്ന പുതിയ നയം അദ്ദേഹം അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ ഭരണം കൂടുതൽ സുതാര്യമാക്കാനും ജനാധിപത്യവൽക്കരിക്കാനുമായി 1983ൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ ഗോർബച്ചേവ് അവതരിപ്പിച്ച നയരേഖയാണ് 'ഗ്ലാസ്‌നോത് ആൻഡ് പെരിസ്‌ട്രോയിക്ക' എന്ന പേരിൽ പ്രസിദ്ധമായത്. തകരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കാനുള്ള നയരേഖയെന്ന നിലയിലാണ് ഇത് അവതരിപ്പിച്ചതെങ്കിലും ആത്യന്തികമായി സോവിയറ്റ് യൂണിയന്റെ അന്ത്യത്തിലാണ് ഇത് കലാശിച്ചത്.


ഗോർബച്ചേവ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർക്കൊപ്പം

യുഎസ് പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനുമായുള്ള ഗോർബച്ചേവിന്റെ സൗഹൃദമാണ് ശീതയുദ്ധം അവസാനിപ്പിക്കാൻ കാരണമായത്. യുഎസുമായി നിലനിന്നിരുന്ന ആയുധ കിടമത്സരങ്ങളിൽനിന്ന് ഗോർബച്ചേവിന്റെ കാലത്താണ് സോവിയറ്റ് യൂണിയൻ പിൻമാറിയത്. പ്രതിരോധമേഖലക്കായി ചെലവഴിക്കുന്ന കോടികൾ വെട്ടിക്കുറക്കാനാണ് ഗോർബച്ചേവ് ഇതിലൂടെ ലക്ഷ്യമിട്ടത്. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ 1990ൽ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ഗോർബച്ചേവിനെ തേടിയെത്തി.


ഗോർബച്ചേവ് യുഎസ് പ്രസിഡന്റായിരുന്ന റൊണാൾ റീഗനൊപ്പം

സോവിയറ്റ് യൂണിയന്റെ ജനാധിപത്യവൽക്കരണത്തിന് നേതൃത്വം നൽകിയെന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണക്കാരനെന്ന വിശേഷണമാണ് അദ്ദേഹത്തിന് കമ്മ്യൂണിസിറ്റുകാർക്കിടയിലുണ്ടായത്. 1996ൽ അദ്ദേഹം റഷ്യൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അഞ്ച് ശതമാനം വോട്ട് പോലും നേടാനായില്ല. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിലായിരുന്ന സോവിയറ്റ് യൂണിയനെ ജനാധിപത്യത്തിന്റെ ശുദ്ധവായു കടത്തിവിട്ട നേതാവെന്ന് പടിഞ്ഞാറൻ നിരീക്ഷകർ വിലയിരുത്തുമ്പോൾ യുഎസ്എസ്ആറിനെ തകർക്കാനായി അവതരിപ്പിക്കപ്പെട്ട യു.എസ് ചാരനെന്നാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ ഗോർബച്ചേവിന് നൽകുന്ന വിശേഷണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News