ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ പ്രചരിച്ച നുണ ബോംബുകൾ
നൂറു കണക്കിന് നുണകളാണ് യുദ്ധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഹമാസ് മിന്നലാക്രമണത്തിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ തുടരുകയാണ്. ഗസ്സയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സർവശക്തിയും ഉപയോഗിച്ച് ഇസ്രായേൽ സംഹാരം തുടരുന്നത്. ഗസ്സയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. 5600ലേറെ പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഗസ്സയിൽ നടക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
യുദ്ധവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ് ജീവൻ പണയപ്പെടുത്തി മാധ്യമങ്ങൾ പുറംലോകത്തെത്തിക്കുന്നത്. വസ്തുനിഷ്ഠമായ വാർത്തകൾക്കൊപ്പം നിരവധി നുണപ്രചാരണങ്ങൾ കൂടിയാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹമാസ് റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നിരവധി ചിത്രങ്ങളും വീഡിയോകളും ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇതിൽ പലതും പിന്നീട് അസത്യങ്ങളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
അവയിൽ ചിലതു പരിശോധിക്കുന്നു;
1- ടാറ്റൂ കലാകാരി ഷാനി ലൗക്
ഹമാസ് പോരാളികൾ പിടികൂടിയ ശേഷം നഗ്നയാക്കി തെരുവിലൂടെ കൊണ്ടുപോകുകയും ക്രൂരമായി കൊല്ലുകയും ചെയ്തു എന്നാണ് ഷാനി ലൗക് എന്ന ജർമൻ യുവതിയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഗസ്സയ്ക്ക് അടുത്ത് ഉറിമിൽ നടന്ന ട്രൈബ് ഓഫ് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ നിന്നാണ് ടാറ്റൂ ആർടിസ്റ്റ് കൂടിയായ ഇവരെ ഹമാസ് പിടികൂടിയത് എന്നു കരുതപ്പെടുന്നു. ഇവരെ ഒരു പിക്കപ്പിൽ കയറ്റി നഗ്നയാക്കി കൊണ്ടുപോകുന്നതിന്റെ ദൃശ്യമാണ് പിന്നീട് പ്രചരിച്ചിരുന്നത്. വീഡിയോയിൽ ഇവരുടെ മുഖം വ്യക്തമായിരുന്നില്ല. ഹമാസിന്റെ ക്രൂരകൃത്യം എന്ന പേരിൽ വീഡിയോ വൈറലാകുകയും ചെയ്തു.
എന്നാൽ ചൊവ്വാഴ്ച ലൗകിന്റെ കുടുംബം യുവതി ജീവിച്ചിരിക്കുന്നുണ്ടെന്ന് പുറംലോകത്തെ അറിയിച്ചു. തലയ്‌ക്കേറ്റ പരിക്കുകളോടെ ലൗക് ഗസ്സയിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് യുവതിയുടെ അമ്മ റിച്ചാർഡ ലൗകയെ ഉദ്ധരിച്ച് സ്വിസ് ജർമൻ വെബ്‌സൈറ്റായ ബ്ലിക് ആണ് റിപ്പോർട്ട് ചെയ്തത്. മകൾ ജീവിച്ചിരിക്കുന്നതായി അമ്മ എൻടിവി ചാനലിനോട് പ്രതികരിക്കുകയും ചെയ്തു. മകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നും ജർമൻ ഗവൺമെന്റ് വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
2- 40 കുട്ടികളുടെ തലയറുത്തുകൊന്നു
ക്ഫാർ അസ കിബട്‌സ് മേഖലയിൽ തലയറുത്ത നിലയിൽ 40 കുഞ്ഞുങ്ങളെ ഇസ്രായേൽ സേന കണ്ടെത്തി, ഹമാസ് ആണ് ഇതിന് പിന്നിൽ എന്നതാണ് വ്യാപകമായി പ്രചരിച്ച മറ്റൊരു നുണക്കഥ. സംഭവം പടിഞ്ഞാറൻ വാർത്താമാധ്യമങ്ങളുടെ ഒന്നാം പേജിൽ ഇടം പിടിക്കുകയും ദശലക്ഷണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്തു. 'നാൽപ്പത് കുഞ്ഞുങ്ങളെ ഹമാസ് കൊന്നു' എന്നാണ് ലണ്ടൻ പത്രം മെട്രോ ഒന്നാം പേജിൽ എഴുതിയത്. ഹോളോകോസ്റ്റ് എന്നാണ് ചില പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിൽ റിപ്പബ്ലിക്, എൻഡിടിവി അടക്കമുള്ള ചാനലുകളും വാർത്ത പ്രസിദ്ധീകരിച്ചു.
വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ഹമാസ് കുട്ടികളുടെ തലയറുത്തു എന്ന ആരോപണം ശരിയല്ലെന്നും അതു സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്നും ഇസ്രായേൽ സേന തന്നെ വ്യക്തമാക്കി. ഇതോടൊപ്പം വാർത്ത റിപ്പോർട്ടു ചെയ്ത നിരവധി മാധ്യമ പ്രവർത്തകർ തങ്ങളുടെ മുൻനിലപാടിൽ നിന്ന് പിന്നോട്ടു പോയി. തന്നോട് സൈന്യം പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടു ചെയ്യുകയായിരുന്നു എന്നാണ് ഐ24ന്യൂസ് ചാനൽ പ്രതിനിധി നികോള സെഡെക് പിന്നീട് പറഞ്ഞത്. അത് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. കിബട്‌സ് സന്ദർശനത്തിനിടെ ഇത്തരത്തിലൊരു കൂട്ടക്കൊല കണ്ടില്ലെന്ന് പ്ലസ്972 മാഗസിന്റെ ഇസ്രായേലി ജേണലിസ്റ്റ് ഒറെൻ സിവും വ്യക്തമാക്കി. ഇതു തന്നെയണ് ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് ബെൽ ട്ര്യൂവും ട്വീറ്റു ചെയ്തത്.
വ്യാജവാർത്ത വൈറ്റ് ഹൗസിൽ വരെ എത്തി എന്നതാണ് എടുത്തു പറയേണ്ടത്. മാധ്യമങ്ങളുമായി സംസാരിക്കവെ, 'ഭീകരർ കുട്ടികളുടെ തലയറുത്ത ചിത്രങ്ങൾ കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല' എന്നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞിരുന്നത്. ഇസ്രായേലിലെ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആ പ്രസ്താവനയെന്നും പ്രസിഡണ്ട് ആ ചിത്രങ്ങൾ കണ്ടിട്ടില്ലായിരുന്നുവെന്നും പിന്നീട് വൈറ്റ്ഹൗസ് വക്താവ് വിശദീകരിച്ചിരുന്നു.
3- സംഗീതനിശയിൽ 200-250 പേർ കൊല്ലപ്പെട്ടു
ഗസ്സയ്ക്ക് അടുത്ത് ഉറിമിൽ നടന്ന ട്രൈബ് ഓഫ് സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത 200-250 സിവിലിയന്മാരെ ഹമാസ് പോരാളികൾ കശാപ്പു ചെയ്തു എന്നതാണ് പ്രചരിച്ച മറ്റൊരു വാർത്ത.
ഇതുമായി ബന്ധപ്പെട്ട്, പാരാഗ്ലൈഡിലെത്തിയ ഹമാസ് സൈനികരെ കണ്ട് പരിപാടിക്കെത്തിയവർ ഭയന്നോടുന്ന ദൃശ്യങ്ങളാണ് ഏക തെളിവായി ഉള്ളത്. കൊല്ലപ്പെട്ടവരുടേത് അടക്കമുള്ള മറ്റു ദൃശ്യങ്ങൾ ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. മാത്രമല്ല, ബന്ദികളാക്കി പിടിച്ച ശേഷം ഹമാസ് പോരാളികൾ തങ്ങളോട് ദയാപൂർവ്വമാണ് പെരുമാറിയത് എന്ന അനുഭവ സാക്ഷ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. 23 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നത്. അതെത്രയാണ് എന്ന കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ല.
4- വീഡിയോ ഗെയിമുകൾ, പഴയ വീഡിയോകൾ
ഹമാസ് പോരാളി ഇസ്രയേൽ ഹെലികോപ്ടർ വെടിവച്ചിടുന്ന എന്ന തലക്കെട്ടോടെ എക്‌സിൽ (നേരത്തെ ട്വിറ്റർ) പ്രചരിച്ച വീഡിയോ അർമാ 3 എന്ന വീഡിയോ ഗെയിമിലേതായിരുന്നു! അഞ്ചു ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. ഗസ്സയിൽ ഇസ്രായേൽ വനിത ആക്രമിക്കപ്പെടുന്നു എന്ന തലക്കെട്ടിൽ പ്രചരിച്ച ദൃശ്യങ്ങൾ 2015ൽ ഗ്വാട്ടിമാലയിൽ നിന്നുള്ളതാണ്.
ബ്രിട്ടീഷ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ജിം ഫെർഗൂസൺ, ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഉപയോഗിക്കുന്നത് അഫ്ഗാനിൽ യുഎസ് സൈനികർ ഉപേക്ഷിച്ചു പോയ ആയുധങ്ങളാണ് എന്നവകാശപ്പടുന്ന ദൃശ്യം പങ്കുവച്ചു. ഈ ചിത്രത്തിലുള്ളത് 2021ലെ താലിബാൻ സൈനികരാണ്.
5- ബൈഡന്റെ സഹായം
ഇസ്രായേൽ വിരുദ്ധമായ വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിൽ അരങ്ങു തകർക്കുന്നുണ്ട്. യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രായേലിന് എട്ടു ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകിയ മെമോയാണ് അതിലൊന്ന്. ബൈഡൻ ഭരണകൂടം അത്തരത്തിലൊരു മെമോ ഇറക്കിയിട്ടില്ല എന്ന് പിന്നീട് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ സൈന്യത്തിലെ ഉയർന്ന റാങ്കിലുള്ള സൈനിക ജനറൽ നിംറോദ് അലോണിയെ ഹമാസ് ബന്ദിയാക്കി എന്ന പ്രചാരണവും തെറ്റാണെന്ന് ഇസ്രായേൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തു സെക്കൻഡ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ സൈനിക ചർച്ചയിൽ അലോണി പങ്കെടുക്കുന്ന വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പോസ്റ്റു ചെയ്തിരുന്നു.
English Summary: Lie bombs and misinformation spread during the Israel-Hamas war