മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി ആര്‍ക്കും മത്സരിക്കാം; പ്രായപരിധി ഒഴിവാക്കി
18 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും ഇനി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം
ന്യൂയോര്‍ക്ക്: വിശ്വസുന്ദരിയെ കണ്ടെത്താനുള്ള മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇനി ആര്‍ക്കും പങ്കെടുക്കാം.മത്സരാര്‍ഥികള്‍ക്ക് നിശ്ചയിച്ച പ്രായപരിധി സംഘാടകര്‍ ഒഴിവാക്കിയിരിക്കുകയാണ്. 18 വയസിനു മുകളില്‍ പ്രായമുള്ള ഏതൊരു സ്ത്രീക്കും ഇനി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാം.
നിലവിലെ മിസ് യൂണിവേഴ്സ് ആയ ആര്‍ ബോണി ഗബ്രിയേല ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലാണ് ഈ ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്. 1952-ൽ ആരംഭിച്ച മത്സരത്തിന്‍റെ ഉയര്‍ന്ന പ്രായപരിധി 28 വയസായിരുന്നു. 2022ലെ വിശ്വസുന്ദരി മത്സരത്തില്‍ 29കാരിയായ ഗബ്രിയേല മത്സരിച്ച് കിരീടം ചൂടിയിരുന്നു. ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥി എന്ന നിലയിൽ പുതിയ റെക്കോഡും സ്ഥാപിച്ചിരുന്നു. 'ഒരു സ്ത്രീക്ക് മത്സരിക്കാനും മഹത്വം കൈവരിക്കാനുമുള്ള കഴിവിന് പ്രായം ഒരു തടസ്സമല്ല.'' ഗബ്രിയേല പറഞ്ഞു. മിസ്സ് യൂണിവേഴ്‌സ് എല്ലാവരേയും ഉള്‍ക്കൊള്ളാനും അവര്‍ രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമിന് അനുസൃതമായി ജീവിക്കാനുമുള്ള വഴികള്‍ തുറക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മിസ് യൂണിവേഴ്സിന്‍റെ 72 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 17നും 20നും ഇടയില്‍ പ്രായമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 യുവതികളാണ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. 28 വയസിനു മുകളിലുള്ള മത്സരാര്‍ഥികള്‍ക്കായി നിലവില്‍ മിസിസ് യൂണിവേഴ്സ് മത്സരമുണ്ട്. അതിന്‍റെ പ്രായപരിധി 55 ആണ്. എന്നാല്‍ മത്സരാര്‍ഥികള്‍ വിവാഹിതരായിരിക്കണം.