10 മണിക്കൂറിലേക്കുള്ള ഓക്സിജന്‍ മാത്രം, പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ! എവിടെപ്പോയി ടൈറ്റന്‍?

അന്തര്‍വാഹിനിയിലുള്ളവരെ രക്ഷിക്കാന്‍ കഴിയുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി

Update: 2023-06-22 07:09 GMT
Editor : Jaisy Thomas | By : Web Desk

ടൈറ്റന്‍

Advertising

വാഷിംഗ്ടണ്‍: നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ ടൈറ്റനെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജലപേടകത്തിലെ ഓക്സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. കഷ്ടിച്ച് പത്ത് മണിക്കൂറിലേക്കുള്ള ഓക്സിജന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അന്തര്‍വാഹിനിയിലുള്ളവരെ രക്ഷിക്കാന്‍ കഴിയുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. കടലിന്‍റെ അടിത്തട്ടില്‍ നിന്നും കേട്ട ശബ്ദങ്ങളുടെ തേടി തിരച്ചില്‍ നടത്തിയെങ്കിലും അവയുടെ കൃത്യമായ സ്ഥാനവും ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്യാമറ സജ്ജീകരിച്ച റിമോട്ട് ഓപ്പറേറ്റഡ് റോബോട്ടുകൾ തിരച്ചിലിനെ സഹായിക്കുന്നുണ്ട്. ഇന്നലെ ഒറ്റരാത്രി കൊണ്ടു കൂടുതല്‍ രക്ഷാപ്രവർത്തന കപ്പലുകൾ തിരച്ചിലില്‍ പങ്കാളിയായിരുന്നു. റിമോട്ട് കൺട്രോൾ വെഹിക്കിൾ (ROV), സോണാർ സ്കാനിംഗ് സംവിധാനമുള്ളതാണ് ഈ കപ്പലുകള്‍.

അതേസമയം ഓക്സിജന്‍റെ അളവ് കുറയുന്നതും രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കടലിലേക്ക് പോകുമ്പോള്‍ ടൈറ്റനില്‍ 96 മണിക്കൂര്‍ ഓക്സിജന്‍ സ്റ്റോക്കുണ്ടായിരുന്നു. ഉത്കണ്ഠയും ഭയവും സംസാരവും വേഗത്തിലുള്ള ഹൃദയമിടിപ്പും ഒരു വ്യക്തി ഉപയോഗിക്കുന്ന ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചു ഭക്ഷണവും വെള്ളവും പേടകത്തില്‍ അവശേഷിക്കുന്നുണ്ടാകാമെന്നാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ നിഗമനം. ടൈറ്റനെ കണ്ടെത്തിയാല്‍ തന്നെ ഉപരിതലത്തിലേക്ക് കൊണ്ടുവരാന്‍ സമയമെടുക്കുമെന്ന് 1985-ൽ ടൈറ്റാനിക് അവശിഷ്ടങ്ങൾ കണ്ടെത്തിയ പര്യവേഷണത്തിന് നേതൃത്വം നൽകിയ ഡെറ്റ്‌വീലർ പറഞ്ഞു.

ഞായറാഴ്ചയാണ് അഞ്ചംഗങ്ങളുമായി നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റന്‍ അപ്രത്യക്ഷമാകുന്നത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അതിന്‍റെ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു.ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ ഹെൻറി നർജിയോലെറ്റ്, പാക് വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാന്‍ എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News