നെഞ്ചിന് നേരെ ചീറിപാഞ്ഞ് വന്ന വെടിയുണ്ടയെ തടഞ്ഞത് സ്മാർട് ഫോൺ; യുക്രൈൻ യുദ്ധഭൂമിയിലെ കാഴ്ച -വീഡിയോ
വെടിയുണ്ട തറച്ച മൊബൈൽ ഫോൺ പുറത്തേക്കെടുത്ത് ഈ ഫോണാണ് തൻറെ ജീവൻ രക്ഷിക്കാൻ കാരണമെന്ന് സൈനികൻ സഹപോരാളിയോട് പറയുന്നത് ദൃശ്യങ്ങളിൽ കാണാം
രൂക്ഷമാവുന്ന റഷ്യൻ ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് യുക്രൈൻ സൈന്യം. ഇപ്പോഴിതാ യുദ്ധഭൂമിയിൽ നടുക്കുന്ന വീഡിയോ വരുന്നു. റഷ്യൻ സേന ഉതിർത്ത വെടിയുണ്ടയിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട യുക്രൈൻ സൈനികന്റെ വീഡിയോയാണ് വൈറലായത്. റഷ്യൻ സൈനികന്റെ തോക്കിൽ നിന്നും പറന്നു വന്ന ബുള്ളറ്റ് തറച്ചത് യുക്രൈൻ സൈനികന്റെ മൊബൈൽ ഫോണിൽ.
പോക്കറ്റിൽ നിന്നും വെടിയുണ്ട തറച്ച മൊബൈൽ ഫോൺ പുറത്തേക്കെടുത്ത് ഈ ഫോണാണ് തൻറെ ജീവൻ രക്ഷിക്കാൻ കാരണമെന്ന് സൈനികൻ സഹപോരാളിയോട് പറയുന്നത് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ സ്മാർട്ട്ഫോൺ എന്റെ ജീവൻ രക്ഷിച്ചുവെന്ന് സൈനികൻ പറയുന്നതും വീഡിയോയിൽ കാണാം.
സൈനികന് നേരെ റഷ്യൻ സേന വെടിയുതിർത്തെങ്കിലും വസ്ത്രത്തിനകത്തുണ്ടായിരുന്നു ഫോണിലാണ് 7.62 എം.എം ബുള്ളറ്റ് വന്നുതറച്ചത്. അതുകൊണ്ടു മാത്രം അദ്ദേഹം പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം യുക്രൈൻ റഷ്യ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. യുക്രൈന്‍ നഗരങ്ങളിൽ കനത്ത ബോംബാക്രമണം തുടരുകയാണ് റഷ്യ. കാർഖീവില്‍ നടന്ന ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. യുക്രൈന്‍റെ സഖ്യകക്ഷികൾ റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് വീഡിയോ കോളിലാണ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. കിഴക്കൻ യുക്രൈനിലെ പല മേഖലകളും റഷ്യ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം ആരംഭിച്ചത്.