'ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പമുണ്ട്'; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ നരേന്ദ്ര മോദി നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: ഫലസ്തീനുമായി സംഘർഷത്തിലേർപ്പെട്ടിരിക്കേ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു. രാജ്യത്തെ നിലവിലെ സാഹചര്യം അദ്ദേഹം മോദിയോട് പങ്കുവെച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നരേന്ദ്രമോദി ഈ വിവരം അറിയിച്ചത്.
'ഫോൺ വിളിക്കുകയും നിലവിലെ അവസ്ഥകൾ വ്യക്തമാക്കുകയും ചെയ്തതിന് ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി പറയുന്നു, ഈ ദുഷ്‌കര സമയത്ത് ഇന്ത്യൻ ജനത ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കും. എല്ലാ രൂപത്തിലുള്ള ഭീകരതയെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നാലാക്രമണത്തിൽ നരേന്ദ്ര മോദി നേരത്തെ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാർഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേൽ വ്യോമാക്രമണത്തിൽ 700ലധികം പേർ കൊല്ലപ്പെട്ടു
ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന കനത്ത വ്യോമാക്രമണത്തിൽ 140 കുട്ടികൾ ഉൾപ്പെടെ 700ലധികം പേർ കൊല്ലപ്പെട്ടു. ഗസ്സയിലേക്കുള്ള എല്ലാവഴികളും അടച്ച് ഭക്ഷണവും വെള്ളവും വൈദ്യുതിയും തടയുകാണ് ഇസ്രായേൽ. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. വെള്ളിയാഴ്ച ലോകത്തുടനീളം ഫലസ്തീൻ ഐക്യദാർഡ്യ ദിനമായി ആചരിക്കമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹമാസ്.
നിലവിൽ ഇരുഭാഗത്തുമായി ആൾനാശം 1600 കവിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നുമായി മാത്രം ഗസ്സയിലെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൂർണമായും ഉപരോധത്തിലായ ഗസ്സയിൽ ജീവിതം തികച്ചും ദുരിതപൂർണമാണ്. 1,87,000 പേർക്ക് ഗസ്സയിൽ വീടുകൾ നഷ്ടപ്പെട്ടതായി യു.എൻ അറിയിച്ചു ഗസ്സ അതിർത്തി മേഖലകളിൽ നിന്ന് ഹമാസ് പോരാളികളെ മാറ്റിയതോടെ പുതുതായി കൂടുതൽ സൈനികരെ ഇസ്രായേൽ ഇവിടേക്ക് വിന്യസിക്കുകയാണ്.
മൂന്നു ലക്ഷം റിസർവ് സൈനികരെയാണ് ഗസ്സ പിടിക്കാൻ ഇസ്രായേൽ സജ്ജമാക്കുന്നത്. ദക്ഷിണ ലബനാൻ അതിർത്തിൽ ഇന്ന് സ്ഥിതി ശാന്തമാണ്. ഇന്നലെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ മരിച്ചിരുന്നു. തലമുറകൾ ഓർക്കുന്ന കനത്ത പ്രഹരമാകും ശത്രുവിന് നൽകുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനൊപ്പം ചേർന്ന് പോരാട്ടം വ്യാപിപ്പിക്കുമെന്ന് പ്രതിരോധ സാഘടനയായ ഇസ്‌ലാമിക് ജിഹാദ് വെളിപ്പെടുത്തി.
പ്രതിസന്ധി ലോക സമ്പദ് ഘടനക്ക് വെല്ലുവിളിയാണെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫലസ്തീനുള്ള സഹായം നിർത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് സ്‌പെയിൻ യൂറോപ്യൻ രാജ്യങ്ങളെ ഓർമിപ്പിച്ചു. ഹമാസ് അനുകൂല പ്രകടനങ്ങൾക്കെതിരെ കനഡ രംഗത്തു വന്നു.
പ്രകോപനപരമായ പ്രസ്താവനയുടെ പേരിൽ ഇസ്രായേൽ പ്രതിരോധ മന്ത്രിക്കെതിരെ യുദ്ധകുറ്റ പ്രേരണക്ക് നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഹ്യൂമൻറൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
'Indian people are with Israel'; Prime Minister Narendra Modi on phone with Netanyahu