ബംഗ്ലാദേശ് പ്രസിഡന്‍റായി മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു ചുമതലയേറ്റു

റിട്ട. ജില്ലാ ജഡ്ജിയാണ് മുഹമ്മദ് ഷഹാബുദ്ദീൻ. സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മിഷൻ കമ്മിഷണർമാരിൽ ഒരാളായിരുന്നു. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ശൈഖ് മുജീബുറഹ്‌മാന്റെ കൊലപാതകത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ടിരുന്നു

Update: 2023-04-25 03:21 GMT
Editor : Shaheer | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി മുഹമ്മദ് ഷഹാബുദ്ദീൻ ചുമതലയേറ്റു. പ്രധാനമന്ത്രി ശൈഖ് ഹസീന, മന്ത്രിമാർ, സുപ്രിംകോടതി ജഡ്ജിമാർ, സൈനികതലവന്മാർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 73 വർഷം പഴക്കമുള്ള ധാക്കയിലെ ദർബാർ ഹാളിൽ നടന്ന പരിപാടിക്ക് ബംഗ്ലാദേശ് സ്പീക്കർ ഷിറിൻ ശർമിൻ ചൗധരി നേതൃത്വം നൽകി.

ഞായറാഴ്ച കാലാവധി തീർന്ന അബ്ദുൽ ഹാമിദിനു പകരക്കാരനായാണ് മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു എന്ന ഷഹാബുദ്ദീൻ എത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായ ഷഹാബുദ്ദീൻ എതിരില്ലാതെയാണ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1949ൽ വടക്കുപടിഞ്ഞാറൻ പാബ്‌ന ജില്ലയിൽ ജനിച്ച മുഹമ്മദ് ഷഹാബുദ്ദീൻ റിട്ട. ജില്ലാ ജഡ്ജി കൂടിയാണ്. സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മിഷൻ കമ്മിഷണർമാരിൽ ഒരാളായിരുന്നു. പിന്നീട് അവാമി ലീഗിലൂടെ രാഷ്ട്രീയരംഗത്തേക്ക് കളംമാറ്റിയ അദ്ദേഹം പാർട്ടി ഉപദേശക സമിതി അംഗം വരെയായി. നേരത്തെ, വിദ്യാഭ്യാസകാലത്ത് അവാമി ലീഗിന്റെ വിദ്യാർത്ഥി, യുവജന വിഭാഗങ്ങളിലും സജീവമായിരുന്നു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

ശൈഖ് ഹസീനയുടെ പിതാവ് കൂടിയായ മുൻ പ്രസിഡന്റ് ശൈഖ് മുജീബുറഹ്‌മാന്റെ കൊലപാതകത്തെ തുടർന്ന് 1975ൽ ജയിലിലടയ്ക്കപ്പെട്ടു. 1982ലാണ് ജുഡിഷ്യറിയുടെ ഭാഗമാകുന്നത്. ഷഹാബുദ്ദീന്റെ ഭാര്യ റെബേക്ക സുൽത്താന മുൻ കേന്ദ്ര ജോയിന്റ് സെക്രട്ടറിയാണ്.

ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ആദ്യത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് അവാമി ലീഗും മുഖ്യപ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബി.എൻ.പി)യും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനെയാണ് രാജ്യം മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. വിഷയത്തിൽ ഷഹാബുദ്ദീൻ നേരത്തെ പരിഹാരമാർഗങ്ങൾ നിർദേശിച്ചിരുന്നു.

Summary: Mohammed Shahabuddin Chuppu takes oath as Bangladesh's 22nd president

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News