അഞ്ചു മാസത്തിനു ശേഷം പൊതുവേദിയിൽ കിമ്മിന്റെ ഭാര്യ
സെപ്തംബർ ഒമ്പതിനാണ് ഇതിന് മുമ്പ് റി പൊതുവേദിയിലെത്തിയത്
സിയോൾ: അഞ്ചു മാസത്തിന് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നിന്റെ ഭാര്യ റി സോൾ ജു. ചാന്ദ്ര പുതുവർഷത്തോട് അനുബന്ധിച്ച് തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നടന്ന തിയേറ്റർ പെർഫോമൻസിലാണ് റി പങ്കെടുത്തത്. കിമ്മും കൂടെയുണ്ടായിരുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി കെ.സി.എൻ.എ റിപ്പോർട്ടു ചെയ്യുന്നു.
സെപ്തംബർ ഒമ്പതിനാണ് ഇതിന് മുമ്പ് റി പൊതുവേദിയിലെത്തിയത്. നേരത്തെ, കിമ്മിനൊപ്പം സൈനിക, സാമൂഹിക, വ്യാപാര പരിപാടികളിലെല്ലാം ഇവർ പങ്കെടുക്കാറുണ്ടായിരുന്നു. കോവിഡ് കാലത്തെ മുൻകരുതൽ എന്ന നിലയിലാണ് ഇവർ പൊതുചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് എന്നാണ് നാഷണൽ ഇന്റലിജൻസ് സർവീസിന്റെ വിശദീകരണം.
ദമ്പതികൾക്ക് മൂന്നു മക്കളാണുള്ളത്. ഇവരും പൊതുവേദിയിലെത്താറില്ല. കോവിഡിനെ തുടർന്ന് എല്ലാ അന്താരാഷ്ട്ര അതിർത്തികളും അടച്ചിരിക്കുകയാണ് ഉത്തര കൊറിയ. ഇതുവരെ രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.