നേപ്പാൾ പ്രസിഡന്റായി റാം ചന്ദ്ര പൗഡേൽ അധികാരമേറ്റു

രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് പൗഡൽ. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ബിധ്യാ ദേവി ഭണ്ഡാരി, അധികാരത്തിൽ രണ്ട് ടേം പൂർത്തിയാക്കിയിരുന്നു

Update: 2023-03-13 13:57 GMT
Editor : abs | By : Web Desk

റാം ചന്ദ്ര പൗഡേൽ

Advertising

കാഠ്മണ്ഡു: നേപ്പാളിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാം ചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതിയുടെ ഓഫീസായ ശീതൾ നിവാസിൽ നടന്ന പ്രത്യേക ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹരികൃഷ്ണ കർക്കി 78 കാരനായ പൗഡലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സി.പി.എൻ - യു.എം.എൽ സ്ഥാനാർഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണു പരാജയപ്പെടുത്തിയത്. സൈനിക ബാൻഡ് ദേശീയ ഗാനം ആലപിക്കുകയും സല്യൂട്ട് നൽകുകയും ചെയ്ത ചടങ്ങിൽ പുതിയ പ്രസിഡന്റിനെ ആശംസകൾ നേർന്ന് ഉന്നത ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പാർലമെന്റ് അംഗങ്ങളും അണിനിരന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള നേപ്പാളിന്റെ രാജവാഴ്ച 2008-ൽ നിർത്തലാക്കി റിപ്പബ്ലിക്കായി മാറിയിരുന്നു. ഫെഡറൽ പാർലമെന്റിലെയും പ്രവിശ്യാ അസംബ്ലികളിലെയും അംഗങ്ങളാണ് രാം ചന്ദ്ര പൗഡലിനെ വ്യാഴാഴ്ച തിരഞ്ഞെടുത്തത്. 33,802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ടംഗ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്ന ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളിലെ കാഠ്മണ്ഡുവിലെ ന്യൂ ബനേശ്വറിലുള്ള പാർലമെന്റ് മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷൻ, ഫെഡറൽ പാർലമെന്റേറിയൻമാർക്കും പ്രൊവിൻസ് അസംബ്ലി അംഗങ്ങൾക്കുമായി രണ്ട് പ്രത്യേക പോളിംഗ് സ്റ്റേഷനുകൾ ഹാളിൽ ഒരുക്കിയിരുന്നു. ജനപ്രതിനിധി സഭയിലെ 275 അംഗങ്ങളും ദേശീയ അസംബ്ലിയിലെ 59 പേരും ഏഴ് പ്രവിശ്യാ അസംബ്ലികളിൽ 550 പേരും ഉൾപ്പെടെ ആകെ 884 അംഗങ്ങൾ ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു.

രാജവാഴ്ച ഭരണത്തിലും സ്റ്റേറ്റിന്റെ പ്രവർത്തനത്തിലും തനിക്ക് ഭരണപരിചയമുണ്ടെന്ന് പൗഡൽ പറഞ്ഞു ' ഞാൻ നേരത്തെയും വിവിധ സർക്കാർ റോളുകൾ ഏറ്റെടുത്തിട്ടുണ്ട്. രാജഭരണകാലത്ത് രാജകൊട്ടാരങ്ങളിൽ പോയിട്ടുണ്ട്, ആഴ്ചയിൽ ഒരിക്കൽ കൊട്ടാരം സന്ദർശിക്കാറുണ്ടായിരുന്നു. മുൻ രാഷ്ട്രപതിമാരുമായും കൂടിക്കാഴ്ച്ചകളിൽ പങ്കെടുത്തിട്ടുണ്ട്, കൂടാതെ അവിടത്തെ പ്രവർത്തനങ്ങളെക്കുറിച്ചും അറിയാം അതുകൊണ്ടു തന്നെ അത്തരം റോളുകൾ തനിക്ക് പുതിയതല്ല- വോട്ട് രേഖപ്പെടുത്തിയ ശേഷം പൗഡൽ പറഞ്ഞു. രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റാണ് പൗഡൽ. സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ബിധ്യാ ദേവി ഭണ്ഡാരി, അധികാരത്തിൽ രണ്ട് ടേം പൂർത്തിയാക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News