സുരക്ഷാ മേധാവികളുടെ യോഗം വിളിച്ച് നെതന്യാഹു; ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ നീക്കം

ലബനാന് നേരെ ഇസ്രായേൽ ആക്രമണണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും തുടരുകയാണ്

Update: 2024-10-04 01:19 GMT
Advertising

തെൽ അവീവ്: ഇറാന് തിരിച്ചടി നൽകുന്ന കാര്യം ആലോചിക്കാൻ വീണ്ടും സുരക്ഷാ മേധാവികളുടെ യോഗം വിളിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയുമായി കൂടിയാലോചിച്ച് ഏറെ വൈകാതെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനാണ് ഇസ്രായേൽ നീക്കം. ലബനാനിൽ ഇസ്രായേലിന്റെ ഒരു സൈനിക ഓഫീസർ കൂടി കൊല്ലപ്പെട്ടു. ലബനാന് നേരെ ഇസ്രായേൽ ആക്രമണണവും ഹിസ്ബുല്ലയുടെ തിരിച്ചടിയും തുടരുകയാണ്.

ഇസ്രായേലിനെ ഞെട്ടിച്ച ഇറാന്റെ മിസൈലാക്രമണത്തിന് ശക്തമായ തിരിച്ചടി തന്നെ നൽകാനൊരുങ്ങുകയാണ് ഇസ്രായേൽ. അമേരിക്കയുമായി കൂടിയാലോചിച്ച ശേഷം ഇറാന്റെ എണ്ണ കേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കും. ഇറാൻ ആക്രമണം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ഇസ്രായേലിലെ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചു. ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം 15 പേരാണ് കൊല്ലപ്പെട്ടത്. കരമാർഗം തെക്കൻ ലബനാനിലേക്ക് കടന്ന സൈനികർക്ക് നേരെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ്.

കഴിഞ്ഞ ദിവസം ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രായേലിന്റെ ഒരു സേനാ ക്യാപ്റ്റൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. നേരത്തെ എട്ട് സൈനികർ കൊല്ലപ്പെട്ടതിനു പുറമെയാണ് സൈനിക ഓഫീസറായ ക്യാപ്റ്റൻ ബെൻ സിയോൺ ഫലാച് കൊല്ലപ്പെട്ടത്.

ഇസ്രായേലിലേക്കും ഹിസ്ബുല്ല കഴിഞ്ഞദിവസം 200 ഓളം റോക്കറ്റുകളയച്ചു. ഗോലാൻ കുന്നിലും ഗലീലിയിലും താമസിക്കുന്നവരോട് ബങ്കറുകൾക്ക് സമീപം തുടരാൻ നിർദേശം നൽകി. വടക്കൻ ഇസ്രായേലിലുടനീളം തുടർച്ചയായി മിസൈൽ സൈറണുകൾ മുഴങ്ങി. ലബനാനിൽ ഇതുവരെ 1974 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരിൽ 127 പേർ കുട്ടികളാണ്, 9350 പേർക്കാണ് ഇതുവരെ പരിക്കേറ്റത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News