വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള കാബിനറ്റ് യോഗം റദ്ദാക്കി നെതന്യാഹു

ബന്ദിമോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുകയാണ്

Update: 2023-12-29 07:55 GMT
Editor : Jaisy Thomas | By : Web Desk

നെതന്യാഹു

Advertising

ജറുസലെം: വെടിനിർത്തൽ ചർച്ച ചെയ്യാനുള്ള കാബിനറ്റ് യോഗം റദ്ദാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതിതീവ്ര വലതുപക്ഷത്തിന്‍റെ സമ്മർദത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. ബന്ദിമോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുകയാണ്. തെക്കൻ ഗസ്സയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ തുടരുന്നത്.

ഖത്തർ വെടിനിർത്തൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് നെതന്യാഹു അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചേരാനിരുന്ന ക്യാബിനറ്റ് യോഗമാണ് റദ്ദാക്കിയത്. മഫ്ദാൽ റിലീജ്യസ് സിയോണിസം പാർട്ടി പ്രതിനിധി ബെസാലൽ മോഡ്രിച്ചാണ് ഇതിനായി സമ്മർദം ചെലുത്തിയത്. മൂന്ന് ഘട്ടമായി വിപുലമായ വെടിനിർത്തൽ നിർദേശമാണ് മധ്യസ്ഥരായ ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ചത്. അതേസമയം ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ കനത്ത പ്രതിഷേധമാണ് തുടരുന്നത്.

സിറിയൻ തലസ്ഥാനമായ ദമസ്കസിൽ വ്യോമസേനാ ബേസിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. തെക്കൻ ചെങ്കടലിൽ ഹൂതി ഡ്രോൺ ആക്രമണം തകർത്തിട്ടെന്ന് യുഎസ് അവകാശപ്പെട്ടു. തെക്കൻ, മധ്യ ഗസ്സയിൽ സാധാരണക്കാർ അഭയകേന്ദ്രമായിക്കണ്ട് താമസിച്ചുവരുന്നയിടങ്ങളിൽ വ്യാപകമായി വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ സേന. റഫയിലെ കുവൈത്തി ആശുപത്രിക്ക് സമീപവും മഗാസി , നുസൈറാത്ത് അഭയാർഥി ക്യാമ്പിലുമാണ് കഴിഞ്ഞ മണിക്കൂറുകളിൽ കൂടുതൽ പേർ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലും ഇസ്രായേൽ കനത്ത സൈനികനടപടി തുടരുകയാണ്. സേനാ അതിക്രമത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു.മൊസ്സാദ് ബന്ധമുള്ള നാല് പേരുടെ വധശിക്ഷ നടപ്പാക്കിയെന്ന് ഇറാൻ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News